![]() | |||
മഴവില്‍ നിറങ്ങളുമായി വിപണിയില്‍ ബ്രാന്‍ഡഡ് ലിപ്സ്റ്റിക്കുകള്‍ മത്സരിക്കുമ്പോള്‍ പെണ്ണുങ്ങളുടെ ചുണ്ടുകള്‍ക്കെന്നും ചേല്
ഉല്‍സവപ്പറമ്പില്‍ നിന്ന് വാങ്ങിയ കണ്‍മഷികൊണ്ട് കണ്ണെഴുതി, ക്യുട്ടിക്കൂറ പൗഡറിട്ട്, നെറ്റിയില്‍ ചുവന്ന സിന്ദൂരം കൊണ്ടോ, ശിങ്കാര്‍ കൊണ്ടോ പൊട്ടുതൊട്ട്... തീര്‍ന്നു ആദ്യകാലങ്ങളില്‍ പെണ്‍കുട്ടികളുടെ മേക്കപ്പ്. എന്നാല്‍, ഇന്നോ...? മേക്കപ്പ് ബോക്‌സ് എന്നൊരു സംഗതി തന്നെ പെണ്ണിനെ അണിയിച്ചൊരുക്കാനുണ്ട്, അതില്‍ നൂറായിരം മേക്കപ്പ് വസ്തുക്കളും. ഒട്ടും ഒഴിവാക്കാനാവാത്ത സ്ഥാനമാണ് ലിപ്സ്റ്റിക്കുകള്‍ക്ക്.
വെറുതെ ഒന്ന് പുറത്തിറങ്ങുമ്പോള്‍ പോലും ലിപ്സ്റ്റിക് ഇടാതെ പോകാന്‍ ഇന്നത്തെ സുന്ദരിമാര്‍ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് തന്നെ സ്ത്രീകളുടെ കോസ്‌മെറ്റിക്കുകളില്‍ ഏറ്റവും വിറ്റഴിയുന്നത് ലിപ്സ്റ്റിക്കുകളാണെന്നാണ് വിപണി സൂചിപ്പിക്കുന്നത്. വീടുകളിലും ഓഫീസിലും പാര്‍ട്ടികള്‍ക്കും വ്യത്യസ്തമാര്‍ന്ന ലിപ്സ്റ്റിക്കുകളണിയാന്‍ മത്സരിക്കുന്നവരാണ് സ്ത്രീകള്‍. ഓരോ ഫങ്ഷനും അനുസരിച്ചായിരിക്കും ലിപ്സ്റ്റിക് പുരട്ടുന്നത്. അണിയുന്ന വസ്ത്രത്തിന് ചേരുന്ന ലിപ്സ്റ്റിക് തിരഞ്ഞെടുക്കാനും ഇവര്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാറുണ്ട്. ലിപ്സ്റ്റിക് ഉപയോഗിക്കുന്നതില്‍ കൂടുതലും കൗമാരക്കാരണെന്നാണ് കൊച്ചിയുടെ ഫാഷന്‍ സ്ട്രീറ്റില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. പക്ഷേ, 20നും 40 നും ഇടയില്‍ പ്രായമുള് സ്ത്രീകള്‍ ലിപ്സ്റ്റിക്കിന്റെ കടുത്ത ആരാധികമാരാണ്. പ്രായമേറിയവരും ചുണ്ടുകള്‍ സുന്ദരമാക്കാന്‍ ലിപ്സ്റ്റിക് ഉപയോഗിക്കുന്നുണ്ട്.
മറ്റു മേക്കപ്പ് വസ്തുക്കളെപ്പോലെ തന്നെ ലിപ്സ്റ്റിക്കിന്റെ വിപണിയും സജീവമാണ്. ആഘോഷ വേളകളിലാണ് ലിപ്സ്റ്റിക് കൂടുതല്‍ ചെലവാകുന്നതെന്നാണ് കോണ്‍വെന്റ് ജങ്ഷനിലെ ഉര്‍വശി ഷോപ്പ് ഉടമ സിറോഷ് പറയുന്നത്. ഓണം, വിഷു, ക്രിസ്മസ്, റംസാന്‍ എന്നീ സമയങ്ങളില്‍ ലിപ്സ്റ്റിക്കിന് ആവശ്യക്കാരേറെയാണ്.
ലിപ്സ്റ്റിക് ബ്രാന്‍ഡുകള്‍
ബ്രാന്‍ഡുകള്‍ക്കാണ് സുന്ദരിമാര്‍ മുന്‍ഗണന നല്‍കുന്നത്. ചുണ്ടുകളില്‍ ഭാഗ്യപരീക്ഷണം നടത്താന്‍ പെണ്‍കുട്ടികള്‍ ഒരുക്കമല്ല. വില അല്പം കൂടിയാലും നല്ല ബ്രാന്‍ഡുകള്‍ നോക്കി തിരഞ്ഞെടുക്കാനാവും ഇവര്‍ ശ്രമിക്കുക. റവ്‌ലോണ്‍, ലാക്‌മേ, മേബലൈന്‍, ലോറിയല്‍ തുടങ്ങി 20 ഓളം പ്രമുഖ ബ്രാന്‍ഡുകളാണ് ഇപ്പോള്‍ വിപണി കീഴടക്കുന്നത്. ലാക്‌മേയ്ക്ക് 225 മുതല്‍ 550 വരെയാണ് വില വരുന്നത്. മേബലൈന് 200 മുതല്‍ 350 രൂപയും റവ്‌ലോണിന് 300 മുതല്‍ 900 രൂപയുമാണ് വില. ആയിരത്തിന് മുകളില്‍ വില നില്‍ക്കുന്ന ബ്രാന്‍ഡുകളും ലഭ്യമാണ്.
ഒരുകാലത്ത് ലിപ്സ്റ്റിക്കുകളുടെ നിറങ്ങളില്‍ ചുവപ്പ് വിപ്ലവമായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി മാറി മെറൂണ്‍, ബ്രൗണ്‍, പിങ്ക് തുടങ്ങിയ വര്‍ണങ്ങളോടാണിപ്പോള്‍ പ്രിയം. ഇതിനോടൊപ്പം ചുണ്ടുകളോട് ഇണങ്ങി നില്‍ക്കുന്ന നിറങ്ങളും തിരഞ്ഞെടുക്കുന്നവരുണ്ട്. വിപണിയില്‍ ലാക്‌മേ തന്നെയാണ് കൂടുതല്‍ വിറ്റഴിക്കപ്പെടുന്നത്. ഇളം ഷേഡുകള്‍ തിരഞ്ഞെടുക്കുന്നവരുമുണ്ട്. വിവിധ ഷേഡുകളിലുള്ള ലിപ്സ്റ്റിക്കുകളും വിപണിയില്‍ ലഭ്യമാണ്. അള്‍ട്രാ വൈലറ്റ് രശ്മികളില്‍ നിന്നുമുള്ള സംരക്ഷണം ചില ബ്രാന്‍ഡുകള്‍ അവകാശപ്പെടുന്നു. ചുണ്ടുകളുടെ നിറം വര്‍ധിപ്പിക്കുന്ന ചില വിറ്റാമിനുകളുടെ സാന്നിധ്യമാണ് മറ്റു ബ്രാന്‍ഡുകള്‍ അവകാശപ്പെടുന്നത്. ലിപ്സ്റ്റിക്കുകളില്‍ പുതിയ ട്രെന്‍ഡുകള്‍ വരുത്തുന്നതിന് പ്രമുഖ ബ്രാന്‍ഡുകള്‍ മത്സരിക്കുന്നുണ്ട്. ലിക്വിഡ് ലിപ്സ്റ്റിക്കുകളും ലഭ്യമാണ്
എന്തുകൊണ്ട് ലിപ്സ്റ്റിക്?
വിളറി വെളുത്തിരിക്കുന്ന ചുണ്ടുകള്‍ ഒരുകാലത്ത് പെണ്‍കുട്ടികളെ അലട്ടിയിരുന്നു. ഇതില്‍ നിന്ന് മോചനം നേടാന്‍ പച്ചക്കറികളും മറ്റും തേച്ച് അധരങ്ങള്‍ ചുവപ്പിച്ചിരുന്നു. പക്ഷെ ഇന്ന് പലതരം വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയ ലിപ്സ്റ്റിക്കുകള്‍ വിപണിയില്‍ ലഭ്യമാണ്. ഓയില്‍, മെഴുക് എന്നീ ഘടകങ്ങളാണ് പ്രധാനമായും ലിപ്സ്റ്റിക്കില്‍ അടങ്ങിയിരിക്കുന്നത്. ചുണ്ട് വരണ്ടിരിക്കുന്നവര്‍ മോയ്‌സ്ച്ചറൈസര്‍ അടങ്ങിയ ലിപ്സ്റ്റിക്കുകള്‍ തിരഞ്ഞെടുക്കുകയാണ് നല്ലതെന്നാണ് പെണ്‍കുട്ടികളുടെ അഭിപ്രായം. ചുണ്ടുകളിലെ ജലാംശം നഷ്ടപ്പെടുത്തുന്ന ലിപ്സ്റ്റിക്കുകള്‍ ഉണ്ടെങ്കിലും വ്യാജനെ കണ്ടുപിടിക്കാന്‍ പുതുതലമുറ പഠിച്ചുകഴിഞ്ഞു. വിലകുറഞ്ഞ ലിപ്സ്റ്റിക്കുകള്‍ക്ക് നേരെ മുഖം തിരിക്കാനും ഇവര്‍ക്ക് മടിയില്ല. ചുണ്ടുകളുടെ ആരോഗ്യത്തെ ബാധിക്കുമെന്നതിനാല്‍ വിലകുറഞ്ഞ ബ്രാന്‍ഡുകള്‍ക്ക് വിപണിയില്‍ ആവശ്യക്കാര്‍ കുറവാണെന്ന് ഷോപ്പ് ഉടമകളും പറയുന്നു.
വ്യത്യസ്ത രൂപത്തിലും പല ഷേഡുകളിലും ലിപ്സ്റ്റിക്കുകള്‍ ലഭിക്കുമ്പോള്‍ പിന്നെന്തിന് പേടിക്കണം. അധരങ്ങള്‍ക്ക് യുവത്വവും പോഷകവും നല്‍കുന്ന ഓയിലുകള്‍ കൂടുതല്‍ അടങ്ങിയ ലിപ്സ്റ്റിക്കുകള്‍ തന്നെയാണ് മേക്കപ്പ് ബോക്‌സിലെ താരം. രാത്രികാലങ്ങളിലെ ഷോപ്പിങ്ങിനും മറ്റും പോകാന്‍ ആഗ്രഹിക്കുന്നവര്‍ കടുത്ത നിറങ്ങളാണ് തിരഞ്ഞെടുക്കുന്നതെന്ന് കോണ്‍വെന്റ് ജങ്ഷനിലെ അല്‍ഫോണ്‍സ ഷോപ്പ് ഉടമ ജോര്‍ജ് ടി.എല്‍. പറഞ്ഞു . പകലില്‍ ഇളം ഷേഡുകള്‍ തിരഞ്ഞെടുക്കും. ഇരുണ്ട നിറം ഉള്ളവര്‍ ഇളം ബ്രൗണ്‍, പ്ലം, കോഫി നിറങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ വെളുത്ത സുന്ദരിമാര്‍ക്ക് പ്രിയം ഇളം ബ്രൗണ്‍, പിങ്ക് എന്നിവയാണ്.
Thanks : Mathrubhumi

No comments:
Post a Comment