Sunday 11 November 2012

കോവിലന്‍

കോവിലന്‍

ഏകദേശം മുപ്പതുവര്‍ഷം മുന്‍പ്‌ കുടക്കല്ലിലേക്കും, മുനിയറയിലേക്കുമുള്ള വഴി ചെമ്മണ്‍ പാതയായിരുന്നു, ഞാവല്‍ മരങ്ങളും, കശുമാവുകളും വെട്ടിയുണ്ടാക്കിയ നാട്ടുപാത. ഈ നാട്ടുപാതയിലൊരിടത്തു വെച്ചാണ്‌ കോവിലനെ ഞാന്‍ ആദ്യമായി കാണുന്നത്‌. ഒരു ദിവസം ചാറ്റല്‍ മഴയും നനഞ്ഞ്‌, അരിയന്നൂരിന്റെ അയല്‍ ഗ്രാമമായ മറ്റം സെന്റ്‌ ഫ്രാന്‍സീസ്‌ സ്കുളിലേക്കുള്ള യാത്രയില്‍, ഞങ്ങള്‍ കുട്ടികളുടെ ഒരു ചെറിയ സംഘത്തിന്‌ സുഖമായി കടന്നുപോകാന്‍ വേണ്ടി പ്രായമായ ഒരാള്‍ പാതയോരത്തെ മുള്‍വേലിയരികിലേക്ക്‌ വല്ലാതെ നീങ്ങി നില്‍ക്കുകയും, ഞങ്ങള്‍ പ്രത്യേകിച്ച്‌ ഒന്നും സംഭവിക്കാത്ത മട്ടില്‍ പതിവ്‌ ബഹളവുമായി നടന്ന്‌ നീങ്ങുകയും ചെയ്തു.

“ടാ, നിനക്കറിയോ അദ്‌ ആരാന്ന്‌? പോത്തേ അദാടാ കോവിലന്‍ “
- എന്റെ അറിവില്ലായ്മക്കുമേല്‍ പരിഹാസം ചൊരിഞ്ഞ ചോദ്യവും ഉത്തരവും പോളിന്റേതായിരുന്നു. മുനിയറക്കടുത്ത്‌ പട്ടാളത്തില്‍ ജോലിയുണ്ടായിരുന്ന കോവിലന്‍ എന്നൊരാള്‍ താമസിക്കുന്നുണ്ടെന്നും, അദ്ദേഹത്തിന്‌ സാഹിത്യത്തില്‍ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നുമുള്ള കേട്ടറിവു മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ, ആ പുസ്തകങ്ങളില്‍ ഒന്നുപോലും ഞാന്‍ വായിച്ചിട്ടുമുണ്ടായിരുന്നില്ല. കോവിലന്റെ മകന്‍ അജിതന്‍, മറ്റം സ്കൂളില്‍ വളരെ ഉയര്‍ന്ന ക്ലാസ്സില്‍ പഠിക്കുന്നതായി അറിയാം. ഇളയ മകള്‍ അമിത എന്റെ ഉമ്മയുടെ അനുജത്തിയുടെ ക്ലാസ്സില്‍ ചൂണ്ടല്‍ സ്കൂളില്‍ പഠിക്കുന്നുമുണ്ടായിരുന്നു. ഗഹനമായ വായനയിലേക്ക്‌ നയിക്കുന്ന, വായനശാല, കലാസമിതി എന്നീ ഘടകങ്ങളൊന്നും അന്ന്‌ അരിയന്നൂരില്‍ ഉണ്ടായിരുന്നില്ല.

കാലം പിന്നെയും കഴിഞ്ഞു......

“നാട്ടുകാരെ, പ്രിയപ്പെട്ട വോട്ടര്‍മാരെ, ആസന്നമായ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പില്‍ ഏഴാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി. അരവിന്ദാക്ഷനെ ആന ചിഹ്നത്തില്‍ വോട്ട്‌ രേഖപ്പെടുത്തി വിജയിപ്പിക്കുക......”
മണ്ടി ശശിയുടെ മുഴങ്ങുന്ന ശബ്ദത്തില്‍ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിന്റെ പ്രചരണവാഹനം നാടിളക്കി കുതിച്ചുപായുകയാണ്‌. ഒരു നീണ്ട ഇടവേളക്കു ശേഷമുള്ള 1979-ലെ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിന്റെ ചൂടിലായിരുന്നു നാടുമുഴുവന്‍. ഞങ്ങള്‍ വോട്ടാവകാശമില്ലാത്ത കൗമാരക്കാരുടെ സ്ഥാനാര്‍ത്ഥിയായിരുന്നു പഴയൊരു ഫുട്ബോള്‍ കളിക്കാരന്‍ കൂടിയായ അരവിന്ദാക്ഷന്‍. സ്കൂളിലേക്കും, തിരിച്ചുമുള്ള യാത്രകള്‍ കടുത്ത വാദപ്രതിവാദങ്ങളുടേതായിരുന്നു, തിരഞ്ഞെടുപ്പ് കാലമത്രയും.

തിരഞ്ഞെടുപ്പ്‌ പ്രചരണത്തിന്റെ അവസാന ദിവസം ഞങ്ങളെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ച്‌ ഞങ്ങളുടെ എതിരാളിയുടെ പോസ്റ്റര്‍ അരിയന്നൂരിലും പരിസരത്തും പ്രത്യക്ഷപ്പെട്ടു.

"ഇന്ന്‌ വൈകിട്ട്‌ 7 മണിക്ക്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥനാര്‍ഥി പി.ആര്‍.എന്‍. നമ്പീശന്റെ തിരഞ്ഞെടുപ്പ്‌ പ്രചരണ സമാപാന യോഗത്തില്‍, കോവിലന്‍, പ്രൊഫ. പി. ഗോപിക്കുട്ടന്‍ എന്നിവര്‍ പ്രസംഗിക്കുന്നു. മികച്ച കുറേ വ്യാകരണ പുസ്തകങ്ങളും, ചെറുകഥകളും രചിച്ചിട്ടുള്ള പ്രൊഫസര്‍ ഗോപിക്കുട്ടന്‍, ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ മലയാള വിഭാഗം തലവനായിരുന്നു അന്ന്.

കോവിലന്‍ എല്ലാവരുടേതുമാണെന്നും, ആയതിനാല്‍ തിരഞ്ഞെടുപ്പ്‌ യോഗത്തില്‍ പ്രസംഗിക്കുന്നത്‌ ശരിയല്ലെന്നുമുള്ള ഒരു വാദം എതിര്‍ സ്ഥാനാര്‍ത്ഥിയും പ്രവര്‍ത്തകരും മുന്നോട്ട്‌ വച്ചെങ്കിലും കോവിലനും, ഗോപിക്കുട്ടന്‍ മാഷും യോഗത്തില്‍ പങ്കെടുക്കുകയും പ്രസംഗിക്കുകയും ചെയ്തു. വളരെ സൗമ്യമായ നിലപാടായിരുന്നു കോവിലന്റേത്‌, സ്വതന്ത്രന്മാര്‍ തിരഞ്ഞെടുപ്പുകള്‍ക്കുശേഷം അധികാരമുള്ളിടത്തേക്ക്‌ മറുകണ്ടം ചാടിയ ചരിത്രമാണുള്ളതെന്ന്‌ ശക്തമായിതന്നെ കോവിലന്‍ പറഞ്ഞു. കുറേകൂടി പ്രകോപനപരമായിരുന്നു ഗോപിക്കുട്ടന്‍ മാഷിന്റെ പ്രസംഗം. സ്വതന്ത്രന്മാര്‍ വേവാത്ത ചേനകളാണെന്നായിരുന്നു മാഷിന്റെ നിരീക്ഷണം. . അവര്‍ കറികളില്‍ വേവാത്ത ചേന ഉണ്ടാക്കുന്ന ചവര്‍പ്പും, ചൊറിച്ചിലും, രാഷ്ടീയത്തിലും സൃഷ്ടിക്കുമെന്നായിരുന്നു മാഷ്‌ പറഞ്ഞുവെച്ചത്‌. അത് ശരിയായിരുന്നു എന്ന് തിരിച്ചറിയുന്നത് എത്രകാലം കഴിഞ്ഞിട്ടാണ് !

പൊതുയോഗത്തിനുശേഷം തിരഞ്ഞെടുപ്പിന്റെ വീറും വാശിയും പുതിയ തലങ്ങളിലേക്ക്‌ മാറി. അതുവരെ കക്ഷി ചേരാതിരുന്ന പലരും വ്യക്തമായി പക്ഷം പിടിക്കാന്‍ തുടങ്ങി, എങ്കിലും നാട്ടിലെ സൗഹൃദങ്ങള്‍ക്ക്‌ മങ്ങലേല്‍ക്കാതിരിക്കാന്‍ എല്ലാവരും പ്രത്യേകം ശ്രദ്ധവെച്ചിരുന്നു. അത് ഗ്രാമീണ നന്മയുടെ മുദ്രയായിയായിരുന്നു.

വളരെ സമാധാനപരമായിരുന്നു തിരഞ്ഞെടുപ്പ്‌.

പിറ്റേ ദിവസം വടക്കാഞ്ചേരിയില്‍ വച്ച് വോട്ടെണ്ണല്‍. ഞങ്ങള്‍ കുട്ടികള്‍ക്ക്‌ വോട്ടെണ്ണുന്നിടത്തേക്ക്‌ പോകാനുള്ള അനുവാദം വീടുകളില്‍നിന്നും കിട്ടിയിരുന്നില്ല, സ്ഥാനാര്‍ത്ഥികളേക്കാളും, മുതിര്‍ന്നവരേക്കാളും കടുത്ത മാനസിക പിരിമുറുക്കത്തിലായിരുന്നു ഞങ്ങള്‍. കാത്തിരിപ്പിനറുതിയായി, വൈകിട്ട്‌ എട്ടുമണിയോടെ രണ്ട്‌ ചേരിയിലുംപ്പെട്ടവര്‍ ആ വാര്‍ത്തയുമായി തിരിച്ചുവന്നു-
കണ്ടാണിശ്ശേരി പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ നിന്നും വി. അരവിന്ദാക്ഷന്‍ 104 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചിരിക്കുന്നു!

എല്ല്ലാവരും ആവേശഭരിതരാണ്‌, അപ്പോഴേക്കും ആഹ്ലാദ പ്രകടനത്തിന്റ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു, ഞങ്ങളുടെ എതിര്‍ സ്ഥാനാര്‍ത്ഥിക്കു വേണ്ടി പ്രചരണം നടത്തിയ കോവിലന്റേയും, ഗോപിക്കുട്ടന്‍ മാഷിന്റേയും വീടുകളിലേക്കായിരിക്കും ജാഥ ആദ്യം പോകുക, പിന്നീട്‌ മാത്രം ഗ്രാമ പ്രദിക്ഷണം, അപ്പുട്ടേട്ടന്‍ ആദ്യ മുദ്രാവാക്യം മുഴക്കി. വര്‍ക്കിമാപ്പിളയുടെ കടയില്‍ നിന്നും വാങ്ങിയ വലിയൊരു ചേനയുമായിട്ടായിരുന്നു രവിയേട്ടന്റെ വരവ്‌, സ്വതന്ത്രന്മാര്‍ വേവാത്ത ചേനയെന്ന്‌ പറഞ്ഞ ഗോപിക്കുട്ടന്‍ മാഷിന്റെ വീട്ടിലേക്ക്‌ എറിയാനാണ്‌ ചേനയെന്ന്‌ ജോസ്‌ രഹസ്യമായി എന്നോട്‌ പറഞ്ഞു. കോവിലന്റെ വീടിനുമുന്നില്‍ ആഹ്ലാദപ്രകടനം മാത്രമേയുള്ളൂ.

ഗോപിക്കുട്ടന്‍ മാഷിന്റെ വീടിനുമുന്നിലെ പ്രകടനത്തിനു ശേഷം, കോവിലന്റെ 'ഗിരി'ക്കുമുന്നിലെത്തുമ്പോള്‍ വല്ലാതെ ഇരുട്ടിയിരുന്നു, ആ ഭാഗത്ത്‌ അന്ന്‌ വൈദ്യുതി എത്തിയിരുന്നോ എന്ന്‌ വ്യക്തമായി ഓര്‍ക്കുന്നില്ല, എങ്കിലും കടുത്ത ഇരുട്ടായിരുന്നു ആ പരിസരമാകെ, ചെറിയ മഴയുമുണ്ട്‌ ഇതൊന്നും ഞങ്ങളുടെ ആവേശം കെടുത്തിയിരുന്നില്ല, മുദ്രാവാക്യങ്ങള്‍ വളരെ മാന്യമായിരുന്നുവെങ്കിലും. ഞങ്ങളുടെ സിന്ദാബാദ്‌ വിളികളേക്കാള്‍ ഉച്ചത്തിലായിരുന്നു കുടക്കല്ല്‌ പരിസരത്തെ നായ്ക്കളുടേയും, കുറുക്കന്റേയും ഓരിയിടല്‍, ഇത്രയും ആളുകളെ അവരും ആദ്യമായി കാണുകയായിരുന്നു.

കോവിലന്റെ വീടിനുമുന്നിലെ പ്രകടനം ശക്തമായി തുടരവേ ഞങ്ങളുടെ നേതാക്കന്മാരില്‍ ചെറിയ അസ്വസ്ഥത പുകയുന്നതും, രഹസ്യ ചര്‍ച്ചകള്‍ നടക്കുന്നതും ഞങ്ങള്‍ ശ്രദ്ധിച്ചു. കാര്യമിതാണ്‌, ഇനി ജാഥ പോകേണ്ടത്‌, മുനിയറ ഇറങ്ങി എതിര്‍ സ്ഥാനാര്‍ത്ഥിയുടെ ഉറച്ച കോട്ടയായ കണ്ടാണശ്ശേരിയിലേക്കാണ്‌ അവിടെ ജാഥ തടയാന്‍ അവര്‍ തയ്യാറായി നില്‍പുണ്ടന്നാണ്‌ നേതാക്കള്‍ക്ക്‌ കിട്ടിയിട്ടുള്ള വിവരം, അതുകൊണ്ട്‌ കുട്ടികളെല്ലാം അവരവരുടെ വീടുകളിലേക്ക്‌ പോകണം. ജാഥ മുനിയറയിറങ്ങവേ, ഞാന്‍, ജോസ്‌, പോള്‍ അങ്ങനെ കുറച്ച്‌ കുട്ടികള്‍ കോവിലന്റെ വീടിനുമുന്നില്‍ നിസ്സഹായരായി, എന്തുചെയ്യണമെന്നറിയാതെ ബാക്കിയായി. വീടുകളിലേക്കുള്ള വഴിയറിയാം, ചാറ്റല്‍മഴ വകവെക്കാതെ നടക്കുകയും ചെയ്യാം, പക്ഷേ, ഇരുട്ടും, നിര്‍ത്താതെ ഓരിയിടുന്ന നായ്ക്കളും ഞങ്ങളെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ടായിരുന്നു.

“ടാ, ഒരു കംബ്രാന്തല്‍ (ശരറാന്തല്‍) വെളിച്ചം ഇങ്ങ്ട്‌ വര്‍ണ്ട്‌, വല്ലോരും തല്ലാന്‍ വരാവോ?“
- പോള്‍ ഭയപ്പെട്ടു. വെളിച്ചം അടുത്തടുത്ത്‌ വരികയാണ്‌, കൊണ്ടതുതന്നെ, ഓടാന്‍ ധൈര്യമില്ലാത്തതിനാല്‍ കിട്ടുന്നത്‌ വാങ്ങാന്‍ തയ്യാറായി ഞങ്ങള്‍ നിന്നു. വെളിച്ചം ആടുത്തെത്തിയപ്പോള്‍ അതിനു പിറകിലെ ആളെ ഞങ്ങള്‍ക്ക്‌ മനസ്സിലായി - അത്‌ കോവിലനായിരുന്നു.
“എന്താ മക്കളെ ഇവിടെ നിന്നത്‌?“ കോവിലന്‍ ചോദിച്ചു.
“വീട്ടീപോണം..” -
ജോസ്‌ പെട്ടെന്ന്‌ മറുപടി പറഞ്ഞു.
“നിങ്ങള്‍ എന്തിനാ ഇവിടെ വന്നത്‌?“
കാര്യമറിയാമെങ്കിലും കോവിലന്‍ ചോദിച്ചു. ഞങ്ങള്‍ക്ക്‌ മറുപടിയുണ്ടായിരുന്നില്ല.
“എന്റെ കൂടെ പോന്നോളൂ, ഞാന്‍ നടക്കാവിലേക്കാക്കി തരാം.” -
കോവിലന്‍ പറഞ്ഞു. കോവിലന്‍ മുന്നിലും കുറ്റബോധവും അനുസരണയുമുള്ള കുട്ടികളായി ഞങ്ങള്‍ പിന്നിലും നടക്കാവ്‌ ലക്ഷ്യമാക്കി നടന്നു തുടങ്ങി. ഭാഗ്യത്തിന്‌ കുറച്ച്‌ നടന്ന്‌ കഴിഞ്ഞപ്പോള്‍ ആരോ ഒരാള്‍ ടോര്‍ച്ചുമായി വരുന്നുണ്ടായിരുന്നു.
“ ആരാ അയ്യപ്പേട്ടനാ? എതാ ഈ കുട്ട്യേള്‌?“
- അയാള്‍ കോവിലനോട്‌ ചോദിച്ചു.
“ഇവര്‌ നമ്മടെ കുട്ട്യേളാ, ഒന്ന്‌ നടക്കാവ്‌ വരെ ആക്കികൊടുക്ക്‌ “ ഇത്രയും പറഞ്ഞ്‌ കോവിലന്‍ തിരിച്ചു നടന്നു, മൗനികളായി, വഴിയാത്രക്കാരനു പിന്നില്‍ ഞങ്ങള്‍ നടക്കാവിലേക്കും.

മൂന്ന്‌ പതിറ്റാണ്ടുകള്‍ കഴിഞ്ഞിരിക്കുന്നു. കോവിലനുമായി കൂടുതല്‍ അടുത്തിടപെടാന്‍ ധാരാളം അവസരങ്ങള്‍ പിന്നീടുണ്ടായി, കോവിലന്റെ മകന്‍ അജിതന്റെ കൂട്ടുകാരനെന്നനിലയില്‍, കോവിലന്‍ രക്ഷാധികാരിയായ 'ജ്വാല'യുടെ പ്രവര്‍ത്തകനായി. അങ്ങനെയൊക്കെ. സാഹിത്യത്തേക്കാള്‍ സാഹിത്യേതര വിഷയങ്ങളായിരുന്നു പലപ്പോഴും ഞങ്ങള്‍ സംസാരിച്ചിരുന്നത്‌. നിരവധി ബഹുമതികള്‍, കുടക്കല്ലും, മുനിയറയും കയറി കോവിലനെത്തേടി വന്നു. ഇപ്പോള്‍ എഴുത്തച്ഛന്‍ പുരസ്കാരവും. പഴയ നാട്ടുവഴികള്‍, ടാറിട്ട റോഡുകളായി. ഇരുള്‍ മൂടിയ നാട്ടുവഴികളില്‍ വഴിവിളക്കുകളായി. ഇരുട്ടിലേയ്ക്കിറങ്ങാന്‍ അറച്ചു നിന്ന ആ പഴയ കുട്ടികള്‍ മദ്ധ്യ വയസ്കരുമായി. ഓര്‍ക്കുമ്പോള്‍ അന്ന്‌ കോവിലന്‍ കാണിച്ചുതന്ന വെളിച്ചം കേവലം മുനിയറയും, കുടക്കല്ല്‌ പറമ്പും ഇറങ്ങാന്‍ വേണ്ടി മാത്രമായിരുന്നില്ല, അത്‌ പിന്നീടുള്ള ജീവിതത്തെയും, സാമൂഹികബോധത്തെയും വല്ലാതെ സ്വാധീനിച്ചു എന്നതാണ് സത്യം.

Friday 9 November 2012

വി. ജയദേവ്


വി. ജയദേവ്
1962 ല്‍ കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ ജനനം, ആനുകാലികങ്ങളില്‍ കവിത എഴുതാറുണ്ട്. മൂന്ന് കവിത സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. ഇപ്പോള്‍ രാജസ്ഥാനിലെ ജയപൂരില്‍ പത്രപ്രവര്‍ത്തകന്‍.
Books
ഭൂമി വിട്ടു ഒരു നിലാവ് പാറുന്നു (1998), ഒരു കാറ്റിനെ എങ്ങനെ വായിക്കും ( 2006), തുമ്പികളുടെ സെമിത്തേരി ( 2009).കവിത സമാഹാരങ്ങള്‍ കപ്പലെന്ന നിലയില്‍ ഒരു കടലാസ് തുണ്ടിന്റെ ജീവിതം, ഒരു പൂമ്പൊടി കൊണ്ടും ഒരു പൂക്കാലം കൊണ്ടും എന്നിവ പണിപ്പുരയില്‍.

വഴിയില്‍
'അ' എന്ന്
പേരുള്ളവള്‍,
എന്റെ ആരോ.
അടുത്തറിയുമ്പോള്‍
അയ്യോ എന്ന് വിളിച്ചിരിക്കും.
സ്നേഹം കൂടുമ്പോള്‍
അമ്മിണീ എന്നാവും.
അവളെനിക്കായി
മുലക്കണ്ണില്‍ പാലൊഴിച്ചു
കാത്തിരിക്കുമ്പോള്‍
'അമ്മിഞ്ഞേ' എന്ന് വിളിച്ചുപോയിട്ടുണ്ട്.
അവളിലേക്ക് അഞ്ചാറു
വഴികളുണ്ട്.
ഓരോന്നും ചോദിച്ചുപോകണം.
പലതും വഴി ചോദിച്ചാല്‍
വട്ടം കറങ്ങിപ്പോകും.
അവളുടെ ഗര്‍ഭപാത്രത്തിലേക്കുള്ള
വഴിയില്‍ ഞാനിരിക്കെ
അമ്മെ എന്ന്
വിളിക്കാനായിരിക്കുമോ
അവള്‍ വെറുതെ
കൊതിച്ചിട്ടുണ്ടായിരിക്കുക?
ആവോ ആര്‍ക്കറിയാം.
അവളെപ്പറ്റി
പലതും അങ്ങനെ
മറച്ചുപിടിക്കപ്പെട്ടവയാണ്.
Kadappaadu:Chintha

അയ്യപ്പന്‍: ജീവിതവും കവിതയും


അയ്യപ്പന്‍: ജീവിതവും കവിതയും
കൂട്ടില്‍ കയറാതെയും കൂട്ടം തെറ്റി നടന്നും ഒരാള്‍ നമ്മെ കടന്നുപോയി. പക്ഷേ ഈ തെറ്റിനടത്തങ്ങളിലൂടെ അയാള്‍ നമ്മോട്‌ പറഞ്ഞത്‌ ശരികളാണ്‌, നമ്മള്‍ മലയാളികള്‍ മറന്നുപോകുന്ന ശരികള്‍. രാജാവ്‌ നഗ്നനാണെന്ന്‌ വിളിച്ചുപറഞ്ഞ കുട്ടിയുടെ നിഷ്കളങ്കതയോടെ, നേരോടെ അയാള്‍ ആ ശരികള്‍ വിളിച്ചുപറഞ്ഞു. ലോകം മുഴുവന്‍ തള്ളിപ്പറഞ്ഞിട്ടും ആ ശരികളില്‍ ജീവിച്ചു. 'വീട്‌ വേണ്ടാത്ത കുട്ടി' ആയിരുന്നല്ലോ എന്നും അയ്യപ്പന്‍.
അയ്യപ്പന്‌ ധാരാളം വിശേഷണങ്ങള്‍ നാം കൊടുത്തിട്ടുണ്ട്‌, 'നിഷേധി' 'അരാജകവാദി' അങ്ങനെ നിരവധി. അയ്യപ്പന്‍ ഇതൊക്കെ ആയിരുന്നു. എന്നാല്‍ ഈ വിശേഷണങ്ങളില്‍ നിന്നെല്ലാം അയ്യപ്പന്‍ കുതറി നടന്നു. അയ്യപ്പനെ വിശേഷിപ്പിക്കാന്‍ പറ്റിയ ഒരു നാമം കണ്ടെത്തുക അസാധ്യം. നമുക്ക്‌ നാമവിശേഷണങ്ങളെ കൂട്ടുപിടിയ്ക്കേണ്ടി വരുന്നു. ഇപ്പറഞ്ഞത്‌ അയ്യപ്പണ്റ്റെ കവിതകള്‍ക്കും ബാധകമാണ്‌.
അയ്യപ്പണ്റ്റെ കവിത ചിലപ്പോള്‍ കാട്ടാറിണ്റ്റെ സംഗീതം കേള്‍പ്പിക്കുന്നു. ചിലപ്പോള്‍ തിരയൊടുങ്ങാത്ത കടലിരമ്പം. ചിലപ്പോള്‍ തേങ്ങലുകളുടെ താരാട്ട്‌ പോലെ സൌമ്യം, ദീപ്തം. ചിലപ്പോള്‍ മേഘഗര്‍ജനം, പേമാരി. ആ കവിതകളെക്കുറിച്ച്‌ സംസാരിക്കാന്‍ ഞാന്‍ അശക്തനാണ്‌, എണ്റ്റെ ഭാഷ അശക്തമാണ്‌. അലക്കിവെളുപ്പിച്ച്‌ ഇസ്തിരിയിട്ട ഭാഷയില്‍ അയ്യപ്പണ്റ്റെ കവിതകളെക്കുറിച്ച്‌ സംസാരിക്കുക എന്ന അനൌചിത്യത്തിന്‌ നിങ്ങള്‍ എന്നോട്‌ പൊറുക്കുക.
ഒരു പരാതി കേട്ടിട്ടുണ്ട്‌. അയ്യപ്പണ്റ്റെ കവിതകളേക്കാള്‍ കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളത്‌ അദ്ദേഹത്തിണ്റ്റെ ജീവിതമാണ്‌, എന്ന്‌. ഇതില്‍ ശരിയുണ്ട്‌. അതിനുള്ള ഒരു കാരണം അയ്യപ്പന്‌ കവിതവും ജീവിതവും രണ്ടായിരുന്നില്ല എന്നത്‌ തന്നെയാണ്‌.

"ശരീരം നിറയെ മണ്ണും
മണ്ണ്‌ നിറയെ രക്തവും
രക്തം നിറയെ കവിതയും
കവിത നിറയെ കാല്‍പാടുകളുള്ളവന്‍" ആയിരുന്നൂ, അയ്യപ്പന്‍. സ്വന്തം കാല്‍പാടുകളുടെ മണ്ണാണ്‌ കവിയുടെ ഹവിസ്സ്‌ എന്ന്‌ വിശ്വസിച്ച അയ്യപ്പന്‍.

ജീവിക്കാന്‍ വേണ്ടിയാണ്‌ അയ്യപ്പന്‍ കവിത എഴുതിയത്‌. ജീവിയ്ക്കാന്‍ വേണ്ടി കവിതയെഴുതുകയും കവിതയെഴുതാന്‍ മാത്രമായി ജീവിക്കുകയും ചെയ്ത മലയാളത്തിലെ ഒരേയൊരു കവി. ഒടുവില്‍ കവിത എഴുതിക്കൊണ്ട്‌ തന്നെ മരിച്ചുവീഴുകയും ചെയ്തു. ജീവപര്യന്തം കവിതയുടേ തടവില്‍ കഴിയാന്‍ വിധിക്കപ്പെട്ടവനായിരുന്നൂ, അദ്ദേഹം. ആ വിധി സ്വയം കല്‍പിച്ചതായിരുന്നെങ്കിലും അല്ലെങ്കിലും അദ്ദേഹം അത്‌ സന്തോഷത്തോടെ ഏറ്റുവാങ്ങി. അതോട്‌ അങ്ങേയറ്റം സത്യസന്ധത പുലര്‍ത്തി, വിടുതല്‍ കിട്ടുന്നതുവരെ.

എണ്റ്റെ നാട്ടില്‍ ഒരു 'ഗുഹന്‍' ഉണ്ടായിരുന്നു. ഒരു പാട്‌ കാര്യങ്ങളില്‍ അയ്യപ്പനെ പോലെയായിരുന്നു, ഗുഹന്‍. കല്‍പറ്റ നാരായണന്‍ സാര്‍, ഗുഹനെ പറ്റി ഒരിക്കല്‍ നിരീക്ഷിച്ചു, 'ജീവിക്കാന്‍ കണക്കെഴുത്തും അതിജീവിക്കാന്‍ കവിതയെഴുത്തും' എന്ന്‌. ജീവിതമോ അതിജീവനമോ ഏതാണ്‌ അസാദ്ധ്യമായതെന്നറിയില്ല, ഒരു തീവണ്ടിക്കുമുമ്പില്‍ ഗുഹന്‍ എല്ലാം അവസാനിപ്പിച്ചു. എന്നാല്‍ അയ്യപ്പന്‌ ജീവിതവും അതിജീവിതവും എല്ലാം കവിതതന്നെയായിരുന്നു, അത്‌ മാത്രമായിരുന്നു.

വൈക്കം മുഹമ്മദ്‌ ബഷീറിനെ കുറിച്ച്‌ പറയാറുണ്ട്‌, അദ്ദേഹത്തിണ്റ്റെ കൃതികളില്‍ കൂടി നടന്നാല്‍ നിങ്ങളെത്തുന്നത്‌ ബഷീറില്‍ തന്നെയായിരിക്കും, എന്ന്‌. അയ്യപ്പണ്റ്റെ കവിതകളില്‍ അദ്ദേഹം നിറഞ്ഞുനില്‍ക്കുന്നു. എന്നാല്‍ ഇത്തിരി പോലും തുളുമ്പുന്നില്ല. തന്നെ തന്നെ മുറിച്ച്‌ കഷണങ്ങളാക്കി അവ ചേര്‍ത്ത്‌ വെച്ച്‌ തീര്‍ത്ത ഒരു കൊളാഷ്‌ ആണ്‌ അയ്യപ്പണ്റ്റെ കവിത. ശിഥിലബിംബങ്ങളായി അയ്യപ്പന്‍ തണ്റ്റെ കവിതകളില്‍ ചിതറിക്കിടക്കുന്നു.

'ജീവിതം പൊടിപ്പും തൊങ്ങലും വെക്കുമ്പോഴാണ്‌ ജീവിതമാകുന്നത്‌, അല്ലെങ്കില്‍ അത്‌ കവിതയാണ്‌' എണ്റ്റെ ബ്ളോഗ്‌ സുഹൃത്ത്‌ ധര്‍മരാജ്‌ മടപ്പള്ളി എഴുതി. പൊടിപ്പും തൊങ്ങലുമില്ലാത്ത നഗ്നജീവിതമാണ്‌ അയ്യപ്പണ്റ്റെ കവിതകള്‍. ആലങ്കാരികതകളുടെ നിംനോക്തികള്‍ കാമ്പില്‍ നിന്നുള്ള വിടുതലാണെന്ന്‌ തിരിച്ചറിഞ്ഞിട്ടുണ്ടാകും, അയ്യപ്പന്‍.

"എണ്റ്റെ കവിത എന്നോട്‌ ചോദിച്ചു
എന്തിനാണ്‌ നിണ്റ്റെ കവിതയില്‍
കാഞ്ഞിരം വളര്‍ത്തുന്നത്‌
ചൂരലടയാളം തുടിപ്പിക്കുന്നത്‌
നിണ്റ്റെ വരികള്‍ക്കിടയിലെ
മയില്‍പീലികള്‍ പെറാത്തതെന്ത്‌?"

കവിതയില്‍ കൊന്നയും തുമ്പയും മുക്കുറ്റിയും വളര്‍ത്തുന്നവരുടെയിടയില്‍ തണ്റ്റെ കവിതയില്‍ കാഞ്ഞിരം വളര്‍ത്തുന്നെന്ന്‌ ഉറക്കെ പറഞ്ഞു, ഒരേയൊരു അയ്യപ്പന്‍. 'നരകത്തില്‍ നട്ടുവളര്‍ത്താന്‍ നാരകച്ചെടികള്‍ക്ക്‌ വെള്ളം തേവിയ' ഒരാളുടെ കവിതയില്‍ കാഞ്ഞിരം മാത്രമേ വളരുകയുള്ളൂ.

"കരുണയോടെ മുഖത്ത്‌ തുപ്പുകയും
കഴുത്ത്‌ ഞെരിക്കുകയും ചെയ്തവന്‌ പൂക്കള്‍
പാപിയുടെ ചൂണ്ടുവിരലിന്‌ കറുകമോതിരം
കൈവെള്ളയ്ക്ക്‌ തീര്‍ത്ഥം. "

ജീവിതത്തില്‍ കയ്പ്‌ മാത്രം കുടിച്ച്‌ വളര്‍ന്നതിനാലാകണം തണ്റ്റെ കവിതയില്‍ കാഞ്ഞിരം മതിയെന്ന ശാഠ്യത്തിന്‌ കാരണം. അത്‌ കുറുമ്പിത്തിരി കൂടുതലുള്ള കുട്ടിയുടെ നേരുള്ള ശാഠ്യമായിരുന്നു. വാക്കും അര്‍ത്ഥവും കഴിഞ്ഞുള്ള കവിയുടെ വിരലടയാളമാണ്‌ കവിതയെന്ന്‌ അദ്ദേഹം പറയുന്നുമുണ്ട്‌.

'സൂര്യനെപ്പോല്‍ ജ്വലിച്ചുനില്‍ക്കുമീ വേദന' അനുഭവിച്ചുകൊണ്ടാണ്‌ 'നോവുകളെല്ലാം പൂവുകളെന്ന്‌' അയ്യപ്പന്‍ പാടിയത്‌. 'മുറിവുകളുടെ വസന്തമാണ്‌ ജീവിതം' എന്ന്‌ പറഞ്ഞത്‌.

'ഞാന്‍ ബലിയാടായി തുടരുക തന്നെ ചെയ്യും, ആരെങ്കിലും അതാവേണ്ടിയിരിക്കെ' അയ്യപ്പന്‍ എന്ന വ്യക്തിയുടേയും അദ്ദേഹത്തിണ്റ്റെ കവിതകളുടേയും ഒരു മുഖക്കുറിപ്പാണ്‌ 'പ്രവാസിയുടേ ഗീതം' എന്ന സമാഹാരത്തില്‍ ചേര്‍ത്ത എഡ്വേര്‍ഡ്‌ ആല്‍ബിയുടെ ഈ പ്രസ്താവന. ശരിയാണ്‌ കവിതയുടെ ബലിക്കല്ലില്‍ സ്വയം അര്‍പ്പിച്ച ജീവിതമായിരുന്നു, അയ്യപ്പണ്റ്റേത്‌.

"കുത്തുവാക്കിണ്റ്റെ നാരായം കൊണ്ടെന്നെ
വെട്ടിത്തിരുത്തി പഠിപ്പിച്ച പാഠങ്ങള്‍"

"എഴുത്താണി കൊണ്ട്‌ മുറിഞ്ഞ വിരല്‌ കൊണ്ട്‌ തന്നെ ഞാന്‍ എഴുത്ത്‌ പഠിച്ചു.' എന്നും അദ്ദേഹം എഴുതുന്നുണ്ട്‌. ഇങ്ങനെ എഴുത്ത്‌ പഠിച്ചാണ്‌ കവിയായതെങ്കിലും ...

'മദമിളകിയ ആനയെഅമ്പത്തൊന്നക്ഷരങ്ങളിലായ്‌ തളച്ചൂ,' അയ്യപ്പന്‍.

നീയും ഞാനും അയ്യപ്പണ്റ്റെ കവിതകളില്‍ നിരന്തരമായി പ്രത്യക്ഷപ്പെടുന്നുണ്ട്‌. വാക്കുകളില്‍ ഇല്ലെങ്കില്‍ പോലും അദൃശ്യനായി ഞാനുണ്ട്‌. ഞാനുണ്ടെന്നാല്‍ നീയുമുണ്ടെന്നാണര്‍ത്ഥം. എന്നാല്‍ ഞാന്‍ നീയായും നീ ഞാനായും കൂട്‌ മാറുന്നുണ്ട്‌ താനും. പീഡിപ്പിക്കുന്നതിലും പീഡനമേല്‍ക്കുന്നതിലും നീയും ഞാനും രണ്ടല്ല, ഒന്നാണ്‌.

"നിണ്റ്റെ കണ്ണിലെ പ്രകാശത്തില്‍ നിന്ന്‌ വന്ന മാന്‍പേടയെ
ഇരുട്ടില്‍ എന്നില്‍ നിന്ന്‌ പുറത്തുചാടിയ ചെന്നായ
കടിച്ചുകീറുന്നത്‌ ആഹ്ളാദത്തോടെ നോക്കിനിന്നത്‌
നീയും ഞാനുമല്ലാതെ മറ്റാരാണ്‌?"

ഇവിടെ ഈ കാഴ്ച കണ്ട്‌ രസിക്കുന്നത്‌ നീയും ഞാനും ചേര്‍ന്നാണ്‌. ഇരയും വേട്ടക്കാരനും ഒന്നാകുന്നതുപോലെ, രക്ഷകനും പീഡകനും ഒന്നാകുന്നത്‌ പോലെ. അഭയസ്ഥാനം പോലും നല്‍കുന്നത്‌ പീഡനം മാത്രം. ഇങ്ങനെ സ്വയം പീഡകനും പീഡിതനുമായി മാറി മാറി വരുന്നതിലൂടെ സ്വയം ചോദ്യത്തിണ്റ്റെ കുന്തമുനയില്‍ നിര്‍ത്തുന്നുണ്ട്‌ അദ്ദേഹം. പലപ്പോഴും കടുത്ത ആത്മനിന്ദയിലൂടെ.



"കണ്ണടച്ചു ഞാ നിരുട്ടാക്കിയിട്ടും
കാക്ക കരഞ്ഞുവെളുപ്പിച്ചു മണ്ണിനെ."

'എണ്ണാനാവാത്ത തുന്നലുകളോടെയേ' നന്ദി പോലും പറയാനാവുന്നുള്ളൂ, അദ്ദേഹത്തിന്‌. ഒടുവില്‍ കടുത്ത നിസ്സഹായതയില്‍ വീഴുകയും ചെയ്യുന്നു.

"മഴവില്ലു വീണ തടാകത്തില്‍
മരിച്ചുപൊങ്ങുന്നനുദിനം"

മരിച്ചുപൊങ്ങുമ്പോള്‍ പോലും അത്‌ മഴവില്ലു വീണ തടാകത്തിലാവണമെന്ന്‌ നിര്‍ബ്ബന്ധമുണ്ട്‌ അയ്യപ്പന്‌. പ്രണയത്തിലും നീയും ഞാനും പീഡനപര്‍വ്വത്തില്‍ ഒന്നിക്കുന്നവരാണ്‌. കുടുംബം എന്ന വ്യവസ്ഥയോട്‌ ചേര്‍ന്നല്ലാതെ പ്രണയത്തെ കാണാന്‍ നമുക്ക്‌ കഴിയാറില്ല. ഈ വ്യവസ്ഥയോട്‌ കലഹിച്ച അയ്യപ്പന്‌ പ്രണയം 'പുഴയില്‍ ഒഴുക്കാത്ത കല്ലായത്‌' സ്വാഭാവികം.

മറ്റൊരിടത്ത്‌ ഇങ്ങനെ എഴുതുന്നു,

"പെണ്ണൊരുത്തിക്ക്‌ മിന്ന്‌ കൊടുക്കാത്ത
കണ്ണുപൊട്ടിയ കാമമാണിന്നും ഞാന്‍"

പ്രണയവും പീഡനത്തിണ്റ്റെ മറ്റൊരു രൂപം മാത്രം. എന്നാല്‍ പീഡനത്തിലും പ്രണയത്തിലെ പാരസ്പര്യത്തെ വളരെ സുന്ദരമായി അയ്യപ്പന്‍ കുറിച്ചിട്ടുണ്ട്‌ താനും.

"വിഛേദിക്കപ്പെട്ട വിരലാണവള്‍
നഷ്ടപ്പെട്ടത്‌ എണ്റ്റെ മോതിരക്കൈ"

"ഇന്ന്‌ നിന്നിലൂടെ
സമുദ്രത്തെ സ്വപ്നം കാണുകയാണ്‌ ഞാന്‍. "

പ്രണയത്തെക്കുറിച്ചെഴുതുമ്പോഴും തണ്റ്റെ കവിതകളുടെ കാതലായ വൈരുദ്ധ്യങ്ങളില്‍ നിന്ന്‌ അകന്നു നില്‍ക്കാന്‍ അദ്ദേഹം ശ്രമിക്കുന്നില്ല.
"പറയൊന്നുണ്ടെന്നുള്ളില്‍
പ്രേമധാമത്തിണ്റ്റെ പേരില്‍
 ഓര്‍മ്മയ്ക്കായ്‌ പൊട്ടിച്ചൊരു
തേനരുവിയെത്തരാം. "
പ്രേമധാമത്തിണ്റ്റെ പേരില്‍ പോലും ഉള്ളില്‍ ഒരു പാറ നിലനിര്‍ത്തുന്നവനാണ്‌, അയ്യപ്പന്‍. ആ പാറ പൊട്ടിച്ച്‌ അതിനുള്ളില്‍ നിന്ന്‌ ഒരു തേനരുവി ഒഴുക്കാന്‍ കെല്‍പുള്ളതാണ്‌ അദ്ദേഹത്തിണ്റ്റെ പ്രേമം. ഈ ആര്‍ദ്രത പോലും അസംസ്കൃതമാണ്‌. തീരെ സംസ്കരിക്കപ്പെടാന്‍ തയ്യാറല്ല, അദ്ദേഹം. ജീവിതത്തിലും കവിതയിലും.
പരസ്പര ബന്ധമില്ലാത്ത, പരസ്പരവിരുദ്ധം പോലുമായ ബിംബങ്ങളിലൂടെയാണ്‌ മലയാളത്തില്‍ സ്വന്തമായൊരു ഭാവുകത്വപരിസരം അയ്യപ്പന്‍ സൃഷ്ടിച്ചെടുത്തത്‌. കവിതയിലും ജീവിതത്തിലും ഒന്നും അദ്ദേഹം കെട്ടിപ്പൊക്കിയില്ല, പക്ഷേ പലതും എറിഞ്ഞുടച്ചു. എറിഞ്ഞുടയ്ക്കുന്നതിലും സൌന്ദര്യമുണ്ടെന്ന്‌ അയ്യപ്പന്‍ സ്വന്തം ജീവിതത്തിലൂടെ, കവിതയിലൂടെ തെളിയിച്ചു.
"മൌനബുദ്ധണ്റ്റെ മനസ്സില്‍ കലാപവും
കണ്ണില്‍ നിറയുന്ന മൂകവിലാപവും. "
അയ്യപ്പണ്റ്റെ ബുദ്ധന്‍ മനസ്സില്‍ കലാപമുള്ളവനാണ്‌, കണ്ണില്‍ മൂകവിലാപമുള്ളവനാണ്‌, രക്ഷകനാവുമ്പോള്‍ തന്നെ കുഞ്ഞാടിണ്റ്റെ കണ്ണുകള്‍ എറിഞ്ഞ്‌ പൊട്ടിക്കുന്നവനാണ്‌. ഈ ബുദ്ധന്‍ അയ്യപ്പന്‍ തന്നെയാണ്‌. ഉള്ളില്‍ കലാപമുള്ളപ്പോഴും കണ്ണില്‍ മൂകവിലാപവുമായി നടന്നു. ആ മൂകവിലാപങ്ങള്‍ തന്നെയാണ്‌ കവിതകളായി പുറത്തുവന്നത്‌.
ആവര്‍ത്തിച്ച്‌ പ്രത്യക്ഷപ്പെടുന്ന വിരുദ്ധങ്ങളായ ബിംബങ്ങളുടെ, ഭ്രാന്തന്‍ കാഴ്ചകളുടെ ഘോഷയാത്രയാണ്‌ അയ്യപ്പണ്റ്റെ കവിതകള്‍. പീഡനമെന്ന പൊതു ബോധമാണ്‌ അതിലെ നീരൊഴുക്ക്‌. ഇക്കാരണം കൊണ്ട്‌ തന്നെയാവണം 'ഒരു തോട്ടത്തില്‍ വിരിയുന്ന ചെടികളുടെ വൈവിധ്യത്തേക്കാള്‍ ഒരു ചെടിയില്‍ വിരിയുന്ന ഇലകളുടെ ഏകരൂപമായ ബഹുലതകളാണ്‌ ഈ രചനകള്‍ക്ക്‌' എന്ന്‌ കവി സച്ചിദാനന്ദന്‍ നിരീക്ഷിച്ചത്‌.
ബോധത്തിണ്റ്റെ പൂമുഖപ്പടിയില്‍ അയ്യപ്പനെ കയറ്റി ഇരുത്താന്‍ ഞാനടക്കമുള്ള മലയാളികള്‍ തയ്യാറായിട്ടില്ല. എന്നാല്‍ ഇഛയുടെ ആരാച്ചാരായ ദുസ്വപ്നം ബോധത്തില്‍ ചവുട്ടി കടന്നുവരിക' തന്നെ ചെയ്യും, ആ കവിതകളുടെ രൂപത്തില്‍.
Kadappaadu: Kariyila -Vinodkumar Thallasseri


വിവാഹം ഒരു സൗകര്യമാണ്, ‘marriage is a licence to have an extra marital affair’. ന്യൂജനറേഷന്‍ മലയാള സിനിമകളില്‍ഹിറ്റായി മാറിയ ബ്യൂട്ടിഫുള്‍ എന്ന സിനിമയില്‍ നായകനോട് ഡോക്ടറായ സ്ത്രീ കഥാപാത്രം പറയുന്ന വാക്കുകളാണിത്. കല്യാണം കഴിച്ചാല്‍ നല്ലൊരു ബന്ധം വഷളായി വൃത്തികേടാവുമെന്ന് കരുതിയാണ് തങ്ങള്‍ വെവ്വേറെ കെട്ടി പഴയ കാമുകി-കാമുക ബന്ധം ഇപ്പോഴും ആരോരുമറിയാതെ തുടരുന്നതെന്നാണ് നവമലയാളിയെ പ്രതിനിധീകരിക്കുന്ന ഈ ഡോക്ടര്‍ കഥാപാത്രം തുടര്‍ന്ന് പറയുന്നത്. വിവാഹം വിവാഹേതര ബന്ധത്തിനുള്ള ലൈസന്‍സാവുകയാണോ പുതുമലയാളിക്ക്? വിവാഹേതര ബന്ധങ്ങളെക്കുറിച്ച് ‘ഗൃഹലക്ഷ്മി’ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായതും ഇത് തന്നെ. കണ്ണൂരിലെയും കോഴിക്കോട്ടെയും തൃശൂരിലെയും കൊച്ചിയിലെയും തിരുവനന്തപുരത്തെയും മനശ്ശാസ്ത്രജ്ഞരും ഫാമിലി കൗണ്‍സലര്‍മാരും ഒരേ സ്വരത്തില്‍ പറയുന്നു. മലയാളിയുടെ ദാമ്പത്യത്തില്‍ വിവാഹേതര ബന്ധങ്ങള്‍ തളിര്‍ക്കുകയും പൂക്കുകയും ചെയ്യുന്നുണ്ട്, മുമ്പെങ്ങുമില്ലാത്ത വിധം. ഒന്നാം പ്രതി മൊബൈലും ഇന്റര്‍നെറ്റും ദാമ്പത്യത്തില്‍ വിവാഹേതരബന്ധങ്ങള്‍ പെരുകുന്നതിന് പിന്നില്‍ പല കാരണങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അതില്‍ ഒന്നാം പ്രതി മൊബൈലും ഇന്റര്‍നെറ്റുമടക്കമുള്ള ആശയവിനിമയ ഉപാധികളാണ്. വിവാഹിതരായ സ്ത്രീപുരുഷന്മാര്‍ക്കിടയിലെ ഒട്ടുമിക്ക സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ബന്ധങ്ങളും വെറും സൗഹൃദത്തിലാണ് തുടങ്ങുക. പക്ഷേ അവരുടെ ദാമ്പത്യത്തില്‍ അസ്വാരസ്യങ്ങളുണ്ടെങ്കില്‍ പലപ്പോഴും ഇത്തരം സൗഹൃദങ്ങള്‍ അവസാനിക്കുക വിവാഹേതര ബന്ധത്തിലായിരിക്കും. പഴയ കാലത്തെ അപേക്ഷിച്ച് സ്ത്രീപുരുഷന്മാര്‍ക്കിടയില്‍ വികാരങ്ങള്‍ കൈമാറാനും പങ്കുവെക്കാനും മൊബൈലും ഇന്റര്‍നെറ്റുമാക്കെ കൂടുതല്‍ സാധ്യതകളൊരുക്കുന്നുണ്ട് എന്ന വസ്തുത നിഷേധിച്ചിട്ട് കാര്യമില്ല-ഡോ. ജെയിന്‍ ജോസഫ് ചൂണ്ടിക്കാട്ടുന്നു. അഫയറില്‍ തകരുന്ന ദാമ്പത്യം കുടുംബ ബന്ധങ്ങളിലെ മടുപ്പ് മൂലം ഭാര്യാഭര്‍ത്താക്കന്മാര്‍ അവിഹിത ബന്ധങ്ങളിലേര്‍പ്പെടാനുള്ള മാധ്യമമായി ഇന്റര്‍നെറ്റിനെ ഉപയോഗിക്കുന്നതായി ഇംഗഌഷ് മനശ്ശാസ്ത്രജ്ഞരായ യാനിക് ഷെട്ടലൈനും ലോയിക് റോഷും സംയുക്തമായി രചിച്ച ‘ഇന്‍ ബെഡ് വിത്ത് ദ വെബ്: ഇന്റര്‍നെറ്റ് ആന്റ് ദ ന്യൂ അഡല്‍ട്ടറി’ എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. 28 നും 40 നും ഇടയിലുള്ള വിവാഹിതരായ സ്ത്രീ പുരുഷന്മാര്‍

വിവാഹം ഒരു സൗകര്യമാണ്,‘marriage is a licence to have an extra marital affair’. ന്യൂജനറേഷന്‍ മലയാള സിനിമകളില്‍ഹിറ്റായി മാറിയ ബ്യൂട്ടിഫുള്‍ എന്ന സിനിമയില്‍ നായകനോട് ഡോക്ടറായ സ്ത്രീ കഥാപാത്രം പറയുന്ന വാക്കുകളാണിത്. കല്യാണം കഴിച്ചാല്‍ നല്ലൊരു ബന്ധം വഷളായി വൃത്തികേടാവുമെന്ന് കരുതിയാണ് തങ്ങള്‍ വെവ്വേറെ കെട്ടി പഴയ കാമുകി-കാമുക ബന്ധം ഇപ്പോഴും ആരോരുമറിയാതെ തുടരുന്നതെന്നാണ് നവമലയാളിയെ പ്രതിനിധീകരിക്കുന്ന ഈ ഡോക്ടര്‍ കഥാപാത്രം തുടര്‍ന്ന് പറയുന്നത്. വിവാഹം വിവാഹേതര ബന്ധത്തിനുള്ള ലൈസന്‍സാവുകയാണോ പുതുമലയാളിക്ക്? വിവാഹേതര ബന്ധങ്ങളെക്കുറിച്ച് ‘ഗൃഹലക്ഷ്മി’ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായതും ഇത് തന്നെ. കണ്ണൂരിലെയും കോഴിക്കോട്ടെയും തൃശൂരിലെയും കൊച്ചിയിലെയും തിരുവനന്തപുരത്തെയും മനശ്ശാസ്ത്രജ്ഞരും ഫാമിലി കൗണ്‍സലര്‍മാരും ഒരേ സ്വരത്തില്‍ പറയുന്നു. മലയാളിയുടെ ദാമ്പത്യത്തില്‍ വിവാഹേതര ബന്ധങ്ങള്‍ തളിര്‍ക്കുകയും പൂക്കുകയും ചെയ്യുന്നുണ്ട്, മുമ്പെങ്ങുമില്ലാത്ത വിധം.

ഒന്നാം പ്രതി മൊബൈലും ഇന്റര്‍നെറ്റും

ദാമ്പത്യത്തില്‍ വിവാഹേതരബന്ധങ്ങള്‍ പെരുകുന്നതിന് പിന്നില്‍ പല കാരണങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അതില്‍ ഒന്നാം പ്രതി മൊബൈലും ഇന്റര്‍നെറ്റുമടക്കമുള്ള ആശയവിനിമയ ഉപാധികളാണ്. വിവാഹിതരായ സ്ത്രീപുരുഷന്മാര്‍ക്കിടയിലെ ഒട്ടുമിക്ക സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ബന്ധങ്ങളും വെറും സൗഹൃദത്തിലാണ് തുടങ്ങുക. പക്ഷേ അവരുടെ ദാമ്പത്യത്തില്‍ അസ്വാരസ്യങ്ങളുണ്ടെങ്കില്‍ പലപ്പോഴും ഇത്തരം സൗഹൃദങ്ങള്‍ അവസാനിക്കുക വിവാഹേതര ബന്ധത്തിലായിരിക്കും. പഴയ കാലത്തെ അപേക്ഷിച്ച് സ്ത്രീപുരുഷന്മാര്‍ക്കിടയില്‍ വികാരങ്ങള്‍ കൈമാറാനും പങ്കുവെക്കാനും മൊബൈലും ഇന്റര്‍നെറ്റുമാക്കെ കൂടുതല്‍ സാധ്യതകളൊരുക്കുന്നുണ്ട് എന്ന വസ്തുത നിഷേധിച്ചിട്ട് കാര്യമില്ല-ഡോ. ജെയിന്‍ ജോസഫ് ചൂണ്ടിക്കാട്ടുന്നു.

അഫയറില്‍ തകരുന്ന ദാമ്പത്യം
കുടുംബ ബന്ധങ്ങളിലെ മടുപ്പ് മൂലം ഭാര്യാഭര്‍ത്താക്കന്മാര്‍ അവിഹിത ബന്ധങ്ങളിലേര്‍പ്പെടാനുള്ള മാധ്യമമായി ഇന്റര്‍നെറ്റിനെ ഉപയോഗിക്കുന്നതായി ഇംഗഌഷ് മനശ്ശാസ്ത്രജ്ഞരായ യാനിക് ഷെട്ടലൈനും ലോയിക് റോഷും സംയുക്തമായി രചിച്ച ‘ഇന്‍ ബെഡ് വിത്ത് ദ വെബ്: ഇന്റര്‍നെറ്റ് ആന്റ് ദ ന്യൂ അഡല്‍ട്ടറി’ എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. 28 നും 40 നും ഇടയിലുള്ള വിവാഹിതരായ സ്ത്രീ പുരുഷന്മാര്‍ ഇന്റര്‍നെറ്റിനെ കുടുംബങ്ങള്‍ക്ക് പുറത്തുള്ള ഇണയെ തേടാനുപയോഗിക്കുന്നുവെന്നാണ് പുസ്തകത്തിലെ കണ്ടെത്തല്‍.

2011 ലെ മൂന്നിലൊന്ന് വിവാഹമോചനങ്ങള്‍ക്കും വഴിവെച്ചത് ലോകത്തിലെ ഏറ്റവും വലിയ സൗഹൃദ കൂട്ടായ്മയായ ഫേസ്ബുക്കാണെന്ന് ലണ്ടനിലെ നിയമ വ്യവഹാര സ്ഥാപനമായ ഡിവോഴ്‌സ് ഓണ്‍ലൈന്‍ ഈയിടെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

വിവാഹിതനായ ശേഷവും ഭര്‍ത്താവ് ഫേസ്ബുക്ക് പ്രൊഫൈലില്‍ സ്റ്റാറ്റസ് മാറ്റാത്തതിനാല്‍ വിവാഹമോചനം ആവശ്യപ്പെട്ട് യുവതി കോടതിയെ സമീപിച്ച വാര്‍ത്തയും ഈയിടെ നമ്മുടെ തൊട്ടയല്‍പക്കമായ ആന്ധ്രയില്‍ നിന്ന് കേട്ടു.

മൊബൈല്‍, ഇന്റര്‍നെറ്റ് ദുരുപയോഗം മൂലമുള്ള ദാമ്പത്യപ്രശ്‌നങ്ങളുമായി ധാരാളം പേര്‍ ചികില്‍സക്കെത്തുന്നുണ്ടെന്ന് കാക്കനാട് കുസുമഗിരി മെന്റല്‍ ഹെല്‍ത്ത് സെന്ററിലെ കണ്‍സള്‍ട്ടന്റ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ രാജന്‍ മത്തായി പറയുന്നു. മറ്റൊരാളുമായി വളരെ എളുപ്പത്തില്‍ സൗകര്യപ്രദമായി ആശയവിനിമയം നടത്താനും ബന്ധം സ്ഥാപിക്കാനുമൊക്കെയുള്ള അവസരം മൊബൈല്‍ഫോണ്‍ വ്യാപകമായതോടെ ലഭിച്ചത് ഇതിന് കാരണമാണ്- അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മൊബൈല്‍ ഫോണിന്റെ പ്രചാരം ഏറിയതോടെ ടെലഫോണ്‍ രതിയിലേര്‍പ്പെടുന്നവരുടെ എണ്ണവും വന്‍തോതില്‍ കേരളത്തില്‍ വര്‍ധിച്ചിട്ടുണ്ടെന്ന് ഈയിടെ ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. വിര്‍ച്വല്‍ രതിയുടെ വകഭേദമായ ടെലഫോണ്‍ സെക്‌സില്‍ ഏര്‍പ്പെടുന്നവരില്‍ സാധാരണക്കാര്‍ മുതല്‍ വിദ്യാസമ്പന്നരായ ഉന്നതോദ്യോഗസ്ഥന്മാര്‍ വരെയുണ്ട്. മൊബൈല്‍ ഫോണ്‍ കാമുകരെത്തേടി തുടര്‍ച്ചയായി യുവതികള്‍ കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനിലെത്തിയത് ഈയിടെ പത്രങ്ങളില്‍ കൗതുക വാര്‍ത്തയായിരുന്നു. ‘ഒരു പരിചയവുമില്ലാത്ത, ഒരിക്കല്‍ പോലും നേരിട്ട് കണ്ടിട്ടില്ലാത്ത വ്യക്തിയുടെ വാക്കുകള്‍ വിശ്വസിച്ച് ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് യുവതികള്‍ ഇറങ്ങിപ്പോകുന്ന കേസുകള്‍ ഇന്ന് ധാരാളം കേള്‍ക്കുന്നുണ്ട്. സാങ്കേതിക പുരോഗതിയുടെ ഒരു നെഗറ്റീവ് ഇംപാക്ടാണിത്’ -കോഴിക്കോട്ടെ ഒരു വനിത ഫാമിലി കൗണ്‍സലര്‍ പറയുന്നു.

വിലക്കപ്പെട്ട കനിയുടെ മധുരം നുണയാന്‍

പലവിധ പ്രതിസന്ധികളുടെ വേലിയേറ്റത്തിലാണിന്ന് മലയാളിയുടെ ദാമ്പത്യം. അതില്‍ ഏറ്റവും വേഗത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന പ്രവണത വേലിചാട്ടം എന്ന എക്‌സ്ട്രാ മാരിറ്റല്‍ അഫയര്‍ തന്നെ. ദാമ്പത്യത്തിനും കുടുംബത്തിനും വലിയ പരിക്കുകളാണ് വിവാഹേതര ബന്ധങ്ങള്‍ ഏല്‍പ്പിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിന്റെ കുടുംബാരോഗ്യം ക്ഷയിച്ചുതുടങ്ങിയത് പൊടുന്നനെ ഇന്നോ ഇന്നലയോ അല്ല. കുടുംബ കോടതികളില്‍ പെരുകുന്ന കേസുകള്‍ മുതല്‍ ദിനവും വായിച്ചുതള്ളുന്ന വാര്‍ത്തകളില്‍ വരെ അതിന്റെ സൂചനകള്‍ ഒളിഞ്ഞും തെളിഞ്ഞും നിറയാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. വിശ്വസിച്ചാലും ഇല്ലെങ്കിലും വിവാഹേതര ബന്ധങ്ങളും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും വിവാഹമോചനങ്ങളുമൊക്കെ കേരളത്തില്‍ കൂടുകയാണ്, ഗ്രാമനഗര ഭേദമില്ലാതെ.

ദാമ്പത്യത്തിന്റെ പുതുമോടി അണയുംമുമ്പേ കാമുകനെത്തേടി യിറങ്ങുന്നവര്‍, ചെറുസൗന്ദര്യപ്പിണക്കങ്ങള്‍ പോലും വിവാഹ പൂര്‍വ ബന്ധത്തെ പുനരുജ്ജീവിപ്പിക്കാന്‍ ഉപയോഗിക്കുന്നവര്‍, ഒരു മിസ്ഡ്‌കോള്‍ പ്രണയത്തിന്റെ വൈകാരികത്തിളപ്പില്‍ പ്രസവിച്ച് പോറ്റിവളര്‍ത്തിയ മക്കളെപ്പോലും ഉപേക്ഷിച്ച് കാമുകനൊപ്പം ഓടിപ്പോകുന്നവര്‍, പ്രണയത്തിന് തടസ്സമാകുന്നത് അച്ഛനോ അനുജത്തിയോ പങ്കാളിയോ ആയാല്‍ പോലും അവരെ ഇല്ലാതാക്കാന്‍ മടിക്കാത്തവര്‍, വിവാഹേതര ബന്ധം അല്ലലില്ലാതെ തുടരാവാനാവാത്ത സാഹചര്യത്തില്‍ മരണത്തിന്റെ വഴി തിരഞ്ഞെടുക്കുന്നവര്‍.. അങ്ങിനെയങ്ങിനെ വിലക്കപ്പെട്ട കനിയുടെ മധുരം നുണയാന്‍ ദാമ്പത്യത്തിന്റെ കൂടുപൊട്ടിച്ചെറിയുന്നവരില്‍ പലതരക്കാരുണ്ട്.

വിവാഹേതര ബന്ധങ്ങളുടെ കാര്യകാരണങ്ങളിലേക്ക് കടക്കുംമുമ്പ് അടുത്ത കാലത്ത് വായിച്ചുമറന്ന ചില വാര്‍ത്തകളിലേക്ക് കണ്ണോടിക്കാം. അവയില്‍ വിവാഹേതര ബന്ധങ്ങളോടുള്ള ആധുനിക മലയാളിയുടെ സമീപനമുണ്ട്.

സാഹചര്യങ്ങള്‍ വര്‍ധിച്ചു

‘പ്രണയിച്ചാണ് ഞങ്ങള്‍ കല്യാണം കഴിച്ചത്, എന്നേക്കാളേറെ ഞാനവനെ വിശ്വസിച്ചിരുന്നു. എന്റെ വീട്ടുകാരോടും നാട്ടുകാരോടും സുഹൃത്തുക്കളോടുമൊക്കെ അവനുവേണ്ടി ഞാന്‍ തല്ലുകൂടിയിട്ടുണ്ട്. ഇപ്പോഴും എനിക്ക് വിശ്വാസിക്കാനാവുന്നില്ല, അവന് രണ്ട് വര്‍ഷത്തോളമായി ഓഫീസിലെ സുഹൃത്തുമായി ബന്ധമുണ്ടായിരുന്നെന്ന്, കുടുംബ കോടതിയിലെ കൗണ്‍സലറുടെ മുറിയിലിരുന്ന് ബി പി ഒ കമ്പനി ജീവനക്കാരിയായ യുവതി രോഷത്തോടെ പറഞ്ഞു.

പുരുഷനും സ്ത്രീയ്ക്കും ഇടപഴകാനുള്ള സാമൂഹിക സാഹചര്യങ്ങള്‍ വര്‍ധിച്ചത് വിവാഹേതര ബന്ധങ്ങള്‍ വര്‍ധിക്കാന്‍ കാരണമായിട്ടുണ്ടെന്ന് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അസോസിയേറ്റ് പ്രൊഫസറുമായ ബഷീര്‍ കുട്ടി ചൂണ്ടിക്കാണിക്കുന്നു.

ദാമ്പത്യത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാവുമ്പോള്‍ മറ്റൊരാളുടെ വൈകാരിക പിന്തുണതേടിപ്പോകാന്‍ ഇന്ന് ആണിനും പെണ്ണിനും വലിയ പ്രയാസമില്ല. ഒരു മെയിലോ മെസേജോ കൊണ്ടത് സാധ്യമാകും- അദ്ദേഹം പറയുന്നു. ജോലിസ്ഥലത്തെ സഹപ്രവര്‍ത്തകരുമായുള്ള വിവാഹേതരബന്ധത്തില്‍ ചുരുങ്ങിയത് 10 ശതമാനമെങ്കിലും വര്‍ധനവുണ്ടായിട്ടുണ്ടെന്ന് ഫാമിലി തെറാപ്പിസ്റ്റുകള്‍ പറയുന്നു.

വാര്‍ത്തകളില്‍ വേലി ചാടുന്നവര്‍

ഭര്‍ത്താവിനെയും പത്ത് വയസ്സില്‍ താഴെയുള്ള മൂന്ന് കുട്ടികളെയും ഉപേക്ഷിച്ചാണ് കോഴിക്കോട് നരിക്കുനി സ്വദേശിയായ യുവതി കാമുകനൊപ്പം പോയത്. ഒടുവില്‍ പോലീസ് കണ്ടെത്തി കോടതിയിലെത്തിച്ചപ്പോള്‍ ഭര്‍ത്താവിനൊപ്പം പോകാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ യുവതിയെ കാമുകനൊപ്പം പോകാന്‍ കോടതി അനുവദിക്കുകയായിരുന്നു.. ( മാതൃഭൂമി, നവംബര്‍ 21, 2011).

കാളികാവില്‍ കാമുകനൊപ്പം ഒളിച്ചോടിയ ഭര്‍തൃമതിയായ യുവതിയെ ഉദയംപേരൂര്‍ പോലീസാണ് പിടികൂടിയത്. ലോഡ്ജില്‍ നിന്നാണ് രണ്ട് കുട്ടികളുടെ അമ്മയായ ഇരുപത്തിനാലുകാരിയെ കാമുകനൊപ്പം പിടികൂടിയത്. (മാതൃഭൂമി, ഒക്ടോബര്‍ 27, 2011)

എടപ്പാളില്‍ ഭര്‍ത്താവറിയാതെ വീടുവിട്ടിറങ്ങിയ യുവതിക്കുവേണ്ടി പോലീസിന് നെട്ടോട്ടമോടേണ്ടി വന്നു. ലോക്കല്‍ പോലീസും ഹൈവേ പോലീസും മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവില്‍ ജില്ലാതിര്‍ത്തിയില്‍ വെച്ചാണ് കാമുകനൊപ്പം ഗുരുവായൂര്‍ സ്വദേശിനിയായ 35 കാരിയെ പിടികൂടിയത്. (മാതൃഭൂമി, ജനുവരി 12, 2012)

ചാവക്കാട്ട് ഏഴുവയസ്സുള്ള മകനോടൊപ്പം കാണാതായ 28 കാരിയായ യുവതി ഇരുപത് ദിവസം കഴിഞ്ഞ് കാമുകനോടൊപ്പം പോലീസ് സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു. ഭാര്യയെ കാണാനില്ലെന്ന് യുവതിയുടെ ഭര്‍ത്താവ് പരാതി നല്‍കിയ സമയം തന്നെ കോട്ടപ്പുറം സ്വദേശിനിയായ വീട്ടമ്മയും ഭര്‍ത്താവിനെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കിയിരുന്നു. രണ്ട് കുട്ടികളുള്ളയാളാണ് പിടിയിലായ കാമുകനും. (മാതൃഭൂമി, ഏപ്രില്‍ 4, 2012).

കരുവാരക്കുണ്ടില്‍ മൂന്ന് മക്കളെയും കൊണ്ട് യുവാവിനോടൊപ്പം പോയ യുവതി ഒന്നരമാസത്തെ ഒളിജീവിതത്തിനുശേഷമാണ് പോലീസിലും തുടര്‍ന്ന് നിലമ്പൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലും ഹാജരായത്. യുവതിയുടെ കാമുകന്റെ ഭാര്യയും പോലീസില്‍ പരാതി നല്‍കിയിരുന്നു. (മാതൃഭൂമി, ഡിസംബര്‍ 5, 2011)

തിരുവനന്തപുരത്ത് ഭാര്യയ്ക്ക് പകരം കാമുകിയെ കോടതിയില്‍ ഹാജരാക്കിയാണ് ഭര്‍ത്താവ് വിവാഹമോചനം നേടാന്‍ ശ്രമിച്ചത്. പക്ഷേ പരസ്പര സമ്മത വിവാഹമോചന ഹര്‍ജി കോടതി പരിഗണിച്ച സമയം കാമുകിയെയാണ് ഹാജരാക്കിയതെന്ന ആരോപണവുമായി ഭാര്യയെത്തിയതിനെത്തുടര്‍ന്ന് പദ്ധതി പാളുകയായിരുന്നു. (മാതൃഭൂമി, ഫെബ്രുവരി 17, 2012)

തൃശ്ശൂരില്‍ വിവാഹം കഴിഞ്ഞ് 12 ാം ദിവസം നവവധു കാമുകനൊപ്പം പോയ കേസില്‍ ഭര്‍ത്താവിന് മൂന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് തൃശ്ശൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് വിധിച്ചത്. (മാതൃഭൂമി, മാര്‍ച്ച്, 16, 2012)

ചാവക്കാട്ട് ഭാര്യയും മൂന്ന് മക്കളും ഉണ്ടായിരിക്കെ മറ്റൊരു യുവതിയെ പ്രണയിച്ച് ഒരുമിച്ച് ജീവിക്കുന്ന സ്വകാര്യ കോച്ചിങ് സ്ഥാപനത്തിലെ അധ്യാപകനെ കോടതി റിമാന്റ് ചെയ്തു. സ്‌കൂള്‍ അധ്യാപികയായ ഭാര്യയുടെ പരാതിയെത്തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്. (മാതൃഭൂമി, മാര്‍ച്ച് 20, 2012)

ദിനേന പത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ‘അവിഹിത’ വാര്‍ത്തകളുടെ ചെറുസാമ്പിള്‍ മാത്രമാണിത്. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും ചെയ്യപ്പെടാത്തതുമായ സംഭവങ്ങള്‍ ഇനിയും ധാരാളമുണ്ട്. വിവാഹേതരബന്ധത്തിന്റെ ചൂടുതേടിപ്പോകാന്‍ പുരുഷനെപ്പോലെ തന്നെ ഇന്ന് സ്ത്രീകളും തയ്യാറാവുന്നു എന്ന് ഈ വാര്‍ത്തകളില്‍ കാണാം. അവരില്‍ കൗമാരക്കാരികള്‍ തൊട്ട് മധ്യവയസ്‌കരായ വീട്ടമ്മമാര്‍ വരെയുണ്ട്. അവിവാഹിതരായ ചെറുപ്പക്കാരുമായി വിവാഹിതരായ സ്ത്രീകള്‍ അടുക്കുന്ന പ്രവണതയും കൂടുന്നതായി കുടുംബകോടതികളിലെ കേസുകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാവുന്നു. ‘പഴയ ജന്മിത്വ കാലത്തും ഇവിടെ വിവാഹേതരബന്ധങ്ങള്‍ ഉണ്ടായിരുന്നു. ഇന്നത്തേത് പോലെ പക്ഷേ അവ പുറത്ത് വന്നിരുന്നില്ല. സമൂഹം അതിനെ സ്വീകാര്യമായ ഒന്നായി അംഗീകരിച്ചിരുന്നുമില്ല. എന്നാലിന്ന് വിവാഹേതര ബന്ധങ്ങളോടുള്ള സമൂഹത്തിന്റെ സമീപനത്തില്‍ അയവ് വന്നിട്ടുണ്ട്. കുറഞ്ഞത് 10-30 ശതമാനത്തോളമെങ്കിലും വിവാഹേതര ബന്ധങ്ങള്‍ കേരളത്തില്‍ വര്‍ധിച്ചിട്ടുമുണ്ട്’ പ്രമുഖ സോഷ്യോളജിസ്റ്റും ഫാമിലി കൗണ്‍സലറുമായ എന്‍.പി.ഹാഫിസ് മുഹമ്മദ് പറയുന്നു.

അഫയറില്‍ തകരുന്ന ദാമ്പത്യം

വിവാഹമോചനക്കേസുകള്‍ കൂടുന്നതിലും വിവാഹേതര ബന്ധങ്ങളിലെ വര്‍ധന കാരണമാകുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം കേരളത്തിലെ കുടുംബകോടതികളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകള്‍ 38, 231 എണ്ണമാണ്. കോടതികള്‍ക്ക് വിവാഹമോചനം നേടുന്നവരുടെ എണ്ണം കൂടി പരിഗണിച്ചാല്‍ ഇത് പിന്നെയും ഉയരും. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ വിവാഹമോചനക്കേസുകളില്‍ 350 ശതമാനമാണ് വര്‍ധന.
‘വിവാഹമോചനം തേടി കുടുംബകോടതികളിലെത്തുന്ന കേസുകളില്‍ വലിയൊരു ശതമാനത്തിന് വിവാഹേതര ബന്ധങ്ങളാണ് കാരണം. പക്ഷേ പലപ്പോഴും അവ കാരണമായി കാണിക്കാറില്ല എന്നുമാത്രം. വിവാഹേതര ബന്ധം കോടതിയില്‍ തെളിയിക്കാനുള്ള പ്രയാസം, വിവാഹേതര ബന്ധമാണ് കാരണമെന്ന് വരുന്നത് പുനര്‍വിവാഹ സാധ്യത കുറയ്ക്കുന്നത്, വിവാഹേതരബന്ധം പുറത്തറിയുന്നതിലെ നാണക്കേട് തുടങ്ങിയവയൊക്കെ മൂലം വിവാഹമോചന കേസില്‍ വിവാഹേതര ബന്ധം മറച്ചുവെച്ച് മറ്റു കാരണങ്ങളാണ് പലരും കാണിക്കുക. അഭിഭാഷകരും അതിന് പ്രേരിപ്പിക്കും’, കണ്ണൂര്‍ കോടതിയിലെ അഭിഭാഷക അഡ്വ. ജി. കവിത പറയുന്നു.

യുവാക്കളായ ദമ്പതികള്‍ക്കിടയില്‍ വിവാഹേതര ബന്ധങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന് തൃശ്ശൂര്‍ ഗവ. മെന്റല്‍ ഹെല്‍ത്ത് സെന്ററിലെ ക്ലിനിക്കല്‍ സെക്കോളജിസ്റ്റായ ഡോ. ജെയിന്‍ ജോസഫും പറയുന്നു. തൃശൂര്‍ കുടുംബ കോടതിയില്‍ എത്തുന്ന വിവാഹമോചന കേസുകളില്‍ 20-40 ശതമാനത്തിലും കാരണം വിവാഹേതര ബന്ധങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. യൂട്യൂബിലും മൊബൈല്‍ഫോണുകളിലുമൊക്കെ പ്രചരിക്കുന്ന ക്ലിപ്പുകളും സംഭാഷണങ്ങളുമൊക്കെയും പെരുകുന്ന വിവാഹേതര ബന്ധങ്ങളുടെ സംസാരിക്കുന്ന തെളിവുകളാണ്.
കുടുംബകോടതികളിലെത്തുന്ന വിവാഹമോചനക്കേസുകളില്‍ വിവാഹേതര ബന്ധത്തിനുള്ള തെളിവായി ടെലഫോണ്‍ സംഭാഷണങ്ങളുടെ ടേപ്പുകള്‍ ഇന്ന് ധാരാളമായി ഹാജരാക്കപ്പെടുന്നുണ്ട്. സദാചാരപ്പോലീസ് വാര്‍ത്തകള്‍ കൂടിവരുന്നതിന് പിന്നിലും വിവാഹേതര ബന്ധത്തിന്റെ വര്‍ധന കാണാം.

ദാമ്പത്യം ബന്ധനമാവുമ്പോള്‍

ദാമ്പത്യത്തിലെ അസ്വസ്ഥതകളാണ് വിവാഹേതരബന്ധങ്ങള്‍ക്ക് വളമാകുന്ന മറ്റൊരുഘടകം. കുടുംബത്തിനോ കുട്ടികള്‍ക്കോ വേണ്ടി സ ഹിക്കാന്‍ പണ്ടേപ്പോലെ ഇന്ന് സ്ത്രീകള്‍ തയ്യാറല്ല. പൊരുത്തക്കേടുകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങുമ്പോള്‍ തന്നെ യുവതികള്‍ ‘നോ’ പറയുന്നുണ്ടിന്ന്. സാമ്പത്തിക സ്വാശ്രയത്വവും സ്വന്തം ലൈംഗികതയെക്കുറിച്ചുള്ള അവബോധവും അവകാശബോധവുമൊക്കെ പൊടുന്നനെ ഇത്തരം കടുത്ത തീരുമാനമെടുക്കാന്‍ അവര്‍ക്ക് പ്രേരണയാകുന്നുണ്ട്. ദാമ്പത്യത്തില്‍ അസ്വസ്ഥതകളുണ്ടാവുമ്പോള്‍ വിവാഹപൂര്‍വ ബന്ധത്തിലെ കാമുകനെ സമീപിക്കുന്ന പ്രവണതയും കണ്ടുവരുന്നുണ്ട്. മറ്റുള്ളവരുമായുള്ള ആശയവിനിമയം കൂടിയപ്പോള്‍ തന്നെ ദാമ്പത്യപങ്കാളികള്‍ക്കിടയിലെ കമ്യൂണിക്കേഷന്‍ വല്ലാതെ കുറഞ്ഞിട്ടുമുണ്ട്. ജോലിയുടെയും മറ്റും തിരക്കും സമ്മര്‍ദവും സമയക്കുറവുമൊക്കെയാണതിന് കാരണം. രണ്ട് ഷിഫ്റ്റുകളില്‍ വര്‍ക്ക് ചെയ്യുന്ന ദമ്പതികള്‍ക്കിടയില്‍ സെക്‌സ് പോലും വല്ലാതെ കുറഞ്ഞിട്ടുണ്ട്- എന്‍ പി ഹാഫിസ് മുഹമ്മദ് പറയുന്നു.

ഇന്ത്യയിലെ വിവാഹമോചനക്കേസുകളില്‍ 80-85 ശതമാനത്തിനും മുന്‍കൈ എടുക്കുന്നത് സ്ത്രീകളാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ‘ ഒരിക്കല്‍ ഒരു യുവതിയും ഭര്‍ത്താവും വിവാഹമോചനം തേടിയെത്തി. ഭാര്യ ഐ ടി കമ്പനിയിലും ഭര്‍ത്താവ് മെഡിക്കല്‍ കോളേജിലും ജോലി ചെയ്യുന്നു. നാട്ടിന്‍പുറത്തുകാരനായ ഭര്‍ത്താവ് തന്നോടൊപ്പം പുറത്ത് ഭക്ഷണം കഴിക്കാന്‍ തയ്യാറാകുന്നില്ലെന്നതായിരുന്നു യുവതിയുടെ പരാതി. വീട്ടുകാരും കൗണ്‍സലറുമൊക്കെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടും അവള്‍ ഡിവോഴ്‌സില്‍ ഉറച്ചു നിന്നു. ഇതിനിടെ ചെറുപ്പക്കാരന്‍ അപകടത്തില്‍ പെട്ട് കിടപ്പിലായി. തെളിവെടുപ്പിന് കോടതിയില്‍ വരാന്‍ പറ്റാത്ത അവസ്ഥ. വീട്ടുകാരും ബന്ധുക്കളുമൊക്കെ നിര്‍ബന്ധിച്ചിട്ടും സാവകാശം നല്‍കാന്‍ പെണ്‍കുട്ടി തയ്യാറായില്ല. ഒടുവില്‍ ഭര്‍ത്താവിനെ സ്‌ട്രെച്ചറില്‍ കോടതിമുറിയിലെത്തിച്ചാണ് വിവാഹമോചനം നേടിയത്. പെണ്‍കുട്ടിക്ക് ഒരു അഫയര്‍ ഉണ്ടായിരുന്നതാണേ്രത എത്രയും പെട്ടെന്ന് ഈ ബന്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ അവളെ പ്രേരിപ്പിച്ചത്’, അഡ്വ ജി.കവിത പറഞ്ഞു.

മാറുന്ന ലൈംഗികത

മലയാളിയുടെ ലൈംഗിക സ്വഭാവത്തില്‍ കഴിഞ്ഞ ഒരു ദശകത്തിനിടെ വലിയ മാറ്റമാണുണ്ടായത്. പുറമേ ലൈംഗികമായ യാഥാസ്ഥിതികത്വം നടിക്കുമ്പോഴും അവന്റെ/ അവളുടെ ഉള്ളില്‍ ലൈംഗികത തിളച്ചുമറിയുകയാണ്. ചുറ്റുപാടുകളില്‍ ലൈംഗികതയുടെ ധാരാളിത്തവുമുണ്ട്. മാധ്യമങ്ങളും സിനിമയും ഇന്റര്‍നെറ്റുമൊക്കെ സ്വതന്ത്ര ലൈംഗികതയെ പ്രോല്‍സാഹിപ്പിക്കുന്നു. ഈ അടുത്തകാലത്ത് ഇറങ്ങിയ ഒട്ടുമിക്ക മള്‍ട്ടിപ്ലക്‌സ് സിനിമകളുടെയും പ്രമേയം പരിശോധിച്ചാല്‍ വിവാഹേതരബന്ധങ്ങളാണെന്ന് കാണാനാവും. ഇതൊക്കെ ആണിന്റെയും പെണ്ണിന്റെയും ലൈംഗിക താല്‍പര്യം വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്.

കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരം ജില്ലയില്‍ നടന്ന ഒരു പഠനത്തില്‍ പങ്കെടുത്ത 62.4 ശതമാനം പേരും വിവാഹേതര ബന്ധങ്ങളുള്ള ആളുകളെ തങ്ങള്‍ക്ക് നേരിട്ടറിയാമെന്നാണ് വ്യക്തമാക്കിയത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 29 ശതമാനം പേര്‍ തങ്ങള്‍ പങ്കാളിയുമായല്ലാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നും അഭിപ്രായപ്പെടുകയുണ്ടായി. കേരള യൂണിവേഴ്‌സിറ്റി ഹെല്‍ത്ത് സെന്റര്‍ കാമ്പസില്‍ നടത്തിയ മറ്റൊരു പഠനത്തില്‍ 17.6 ശതമാനം ആണ്‍കുട്ടികളും 10. 7 ശതമാനം പെണ്‍കുട്ടികളും എതിര്‍ലിംഗത്തിലെ സുഹൃത്തുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്ന് അഭിപ്രായപ്പെടുകയുണ്ടായി. കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബിഹേവിയറല്‍ സയന്‍സസ് നടത്തിയ പഠനത്തില്‍ പങ്കെടുത്ത 200 കോളേജ് വിദ്യര്‍ത്ഥിനികളില്‍ 180 പേരും ഏതെങ്കിലും തരം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്ന് തുറന്ന് സമ്മതിക്കുകയുണ്ടായി.

അവിഹിത കുറ്റകൃത്യങ്ങള്‍

വിവാഹേതര ബന്ധങ്ങളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും വര്‍ധിച്ചുവരികയാണ്. ചിലര്‍ വിവാഹേതര ബന്ധത്തിന് തടസ്സമായി നില്‍ക്കുന്നവരെ ഇല്ലാതാക്കുന്നു. മറ്റുചിലര്‍ വിവാഹേതര ബന്ധത്തെ കുറ്റകൃത്യത്തിന് ഉപയോഗപ്പെടുത്തുന്നു, ഇനിയൊരു കൂട്ടര്‍ മരണത്തിന്റെ വഴി സ്വയം തിരഞ്ഞെടുക്കുന്നു.

ഇടുക്കി കുഞ്ചിത്തണ്ണിയില്‍ 12 കാരിയെ കഴുത്ത് ഞെരിച്ച് വിഷം കൊടുത്ത് കൊന്ന കേസില്‍ ചേച്ചിയെയും കാമുകനെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത് കേരളം ഞെട്ടലോടെയാണ് വായിച്ചത്. പ്രണയത്തിന് തടസ്സം നിന്നതിനാണ് അനുജത്തിയെ ചേച്ചിയും കാമുകനും ചേര്‍ന്ന് കൊന്നത്. (മാതൃഭൂമി മാര്‍ച്ച് 2, 2011)

തൃക്കാക്കരയില്‍ കാമുകനുമായി ജീവിക്കാന്‍ ഭര്‍ത്താവിനെ കഴുത്തുമുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും കാമുകനുമാണ് പോലീസ് പിടിയിലായത്. (മാതൃഭൂമി, ജനുവരി 2, 2012)

കൊല്ലങ്കോട്ട് മുതലമടയില്‍ യുവതിയെ കൊലപ്പെടുത്തി മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ച കേസിലും അറസ്റ്റിലായത് കാമുകനാണ്. (മാതൃഭൂമി, മാര്‍ച്ച് 1, 2012)

തൊടുപുഴയില്‍ ഭര്‍തൃമതിയായ കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ കാമുകന് ലഭിച്ചത് ജീവപര്യന്തം കഠിന തടവും രണ്ടുലക്ഷരൂപ പിഴയും. (മാതൃഭൂമി മെയ്, 17, 2012).

കോഴിക്കോട്ടെ അമ്പായത്തോട്ടില്‍ രവീന്ദ്രനെ കുത്തിക്കൊന്ന കേസിലും ശിക്ഷ ലഭിച്ചത് ഭാര്യയ്ക്കും കാമുകനുമാണ്. (മാതൃഭൂമി, മെയ് 16, 2012)

കുമ്പളങ്ങിയില്‍ ഭാര്യയെ വെട്ടിപ്പരിക്കേല്‍പിച്ച ശേഷമാണ് യുവാവ് കഴുത്തുമുറിച്ച് കായലില്‍ ചാടി മരിച്ചത്. ഭാര്യയുടെ മൊബൈല്‍ ഫോണില്‍ സ്ഥിരമായി വിളി വരുന്നതാണ് ഭര്‍ത്താവിനെ പ്രകോപിപ്പിച്ചത്. (മാതൃഭൂമി, മെയ് 7, 2012)

ചവറയില്‍ വിവാഹിതയില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത് കടന്നുകളഞ്ഞ കാമുകന്‍ യുവതിയെ പീഡിപ്പിക്കാന്‍ സുഹൃത്തിന് സൗകര്യവുമൊരുക്കിക്കൊടുത്തു. (മാതൃഭൂമി, ഏപ്രില്‍ 29, 2012)

ചെങ്ങന്നൂരില്‍ പ്രണയബദ്ധരായ യുവാവും അമ്മായിയും ഒരേ കയറില്‍ തൂങ്ങി മരിച്ചത് ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ല എന്നതിരിച്ചറിവിലാണ്. (മാതൃഭൂമി, ജൂണ്‍ 18, 2011)

എരമംഗലത്ത് തൃശ്ശൂര്‍-കോട്ടപ്പുറം റെയില്‍വേ മേല്‍പാലത്തിന് മുകളില്‍ നിന്ന് തീവണ്ടിക്ക് മുന്നില്‍ ചാടി കമിതാക്കള്‍ ആത്മഹത്യ ചെയ്തതും ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിവിലാണ്. യുവതിയുടെ ഭര്‍ത്താവിന്റെ സഹോദരനായിരുന്നു കാമുകന്‍. (മാതൃഭൂമി, ജനവരി 14, 2012)

അനാഥരാകുന്ന കുഞ്ഞുങ്ങള്‍

വിവാഹേതരബന്ധങ്ങളും വിവാഹമോചനങ്ങളും പെരുകുമ്പോള്‍ പ്രധാനമായും അതിന്റെ ഇരകളാകുന്നത് കുഞ്ഞുങ്ങളാണ്. അവരെക്കുറി ച്ച് എന്തിന് ചിന്തിക്കണം എന്നാണ് സ്വന്തം കാര്യം നോക്കി വിവാഹേതര ബന്ധം തേടുന്നവരുടെയും പിരിയുന്നവരുടെയും ലൈന്‍. നീലേശ്വരത്ത് ഈയിടെ കാമുകിക്കൊപ്പം യുവാവ് ജീവിതം അവസാനിപ്പിച്ചപ്പോള്‍ അനാഥമായത് ഭാര്യയുടെയും ഇരട്ടകളായ രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെയും ജീവിതമാണ്. (മാതൃഭൂമി, ജൂണ്‍1, 2012).

ആലപ്പുഴയില്‍ 14 കാരന്‍ സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ വാര്‍ത്ത നടുക്കത്തോടെയാണ് നാം വായിച്ചത്. പക്ഷേ ആ കുട്ടിക്കുറ്റവാളിയുടെ കുറ്റസമ്മതം മലയാളി ശ്രദ്ധിച്ചുവായിക്കേണ്ടതാണ്. അനാഥാലയത്തിലാണ് പയ്യന്‍ വളര്‍ന്നത്. അച്ഛന്റെ പല ഭാര്യമാരില്‍ ഒരാളായിരുന്നു അമ്മ. അമ്മ തന്റെ വിഷമങ്ങള്‍ തീര്‍ത്തത് ബാലനെ ക്രൂരമായി തല്ലിയാണ്. പേടിച്ച് അമ്മയെ വിട്ട് അച്ഛന്റെയടുത്ത് എത്തിയ അവനെ അവിടെ കാത്തിരുന്നത് രണ്ടാനമ്മയുടെ പീഡനങ്ങള്‍. അച്ഛനും അമ്മയും വിവാഹേതരബന്ധങ്ങള്‍ തേടിപ്പോകുന്നത് കണ്ടുവളരുന്ന കുട്ടിയുടെ ജീവിതത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാട് എന്തായിരിക്കും.

ദാമ്പത്യത്തെ ശക്തിപ്പെടുത്താം

വിശ്വാസം അതല്ലേ എല്ലാം എന്ന് പറയുന്നത് ദാമ്പത്യത്തിന്റെ കാര്യത്തില്‍ നൂറ് ശതമാനം ശരിയാണ്. അത്രമേല്‍ പവിത്രമാണ് ദാമ്പത്യത്തില്‍ അതിന്റെ സ്ഥാനം. ഈ അടിസ്ഥാന ശിലയിലാണ് വിവാഹേതരബന്ധം ആഘാതമേല്‍പ്പിക്കുക. അത് കുടുംബത്തിന്റെ താളം തെറ്റിക്കും. വിവാഹേതരബന്ധത്തിന്റെ പ്രത്യാഘാതങ്ങളില്‍ നിന്ന് മോചനം നേടുക അതുകൊണ്ട് തന്നെ അത്ര എളുപ്പമല്ല. ഇരുതല മൂര്‍ച്ചയുള്ള വാള്‍ പോലെയാണ് ഓരോ വിവാഹേതരബന്ധവും. അതിലുള്‍പ്പെട്ടവരെ മാത്രമായിരിക്കില്ല അത് പരിക്കേല്‍പിക്കുക. കുടുംബത്തിലും സമൂഹത്തിലും അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവപ്പെടും. അതിലേറ്റവും പ്രധാനം വിവാഹേതരബന്ധം കണ്ടുപിടിക്കപ്പെടുമ്പോള്‍ പങ്കാളിക്ക് അനുഭവപ്പെടുന്ന വഞ്ചിക്കപ്പെട്ടു എന്ന തോന്നലാണ്. അതുണ്ടാക്കുന്ന മാനസിക ആഘാതം വളരെ വലുതായിരിക്കും. ദേഷ്യമോ അക്രമമോ മാനസിക പ്രശ്‌നങ്ങളോ ഒക്കെയായിട്ടായിരിക്കും അത് പ്രതിഫലിക്കുക. തന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും തെറ്റ് സംഭവിച്ചോ, തനിക്കെന്തെങ്കിലും പോരായ്മയുണ്ടോ എന്നൊക്കെ ചിന്തിച്ച് നിരാശയിലേക്കും വിഷാദത്തിലേക്കുമൊക്കെ വീണുപോകുന്നവരുമുണ്ട്.

കണ്ടുപിടിക്കപ്പെട്ടാലും ഇല്ലെങ്കിലും അഫയറുകള്‍ കുടുംബത്തിലും ദൈനംദിന ജീവിതത്തിലും പലവിധ പ്രശ്‌നങ്ങളുണ്ടാക്കും. വീട്ടുകാര്യങ്ങളിലെ ശ്രദ്ധക്കുറവുകള്‍ മുതല്‍ അധികച്ചെലവുകള്‍ വരെ പലതുണ്ടവ. കഴിഞ്ഞത് കഴിഞ്ഞു എന്ന മട്ടില്‍ വിവാഹജീവിതം തുടരാന്‍ തീരുമാനിച്ചാലും വഞ്ചിക്കപ്പെട്ട പങ്കാളിയില്‍ അവിശ്വാസവും സംശയരോഗവുമൊക്കെ ഉടലെടുക്കാനുള്ള സാധ്യതയുണ്ട്. പങ്കാളി വീണ്ടും വേലിചാടിയാലോ എന്ന ഭീതി സദാ ഇത്തരക്കാരിലുണ്ടാകും. വഞ്ചിക്കപ്പെട്ട പങ്കാളിക്ക് ഇണയിലുള്ള താല്‍പര്യം നഷ്ടപ്പെടുന്നത് ദമ്പതികളുടെ ലൈംഗിക ജീവിതത്തെയും ഗുരുതരമായി ബാധിക്കും. കഠിനമായ പരിശ്രമ വും അര്‍പ്പണബോധവുമുണ്ടെങ്കിലേ വിവാഹേതരബന്ധത്തിന്റെ ആഘാതങ്ങളില്‍ നിന്ന് ദമ്പതികള്‍ക്ക് രക്ഷപ്പെടാനാവൂ. അതിന്റെ പ്രത്യാഘാതങ്ങള്‍ ദീര്‍ഘകാലം നിലനില്‍ക്കുന്നതും വിശ്വാസം തിരിച്ചുപിടിക്കല്‍ എളുപ്പമല്ല എന്നതും തന്നെ കാരണം.

വിവാഹേതര ബന്ധത്തെ പ്രതിരോധിക്കുക തന്നെയാണ് മികച്ച മാര്‍ഗം. ദാമ്പത്യം ശക്തിപ്പെടുത്തുന്നത് കൊണ്ടേ അത് കഴിയൂ. സ്‌നേഹവും വിട്ടുവീഴ്ചയും ത്യാഗവുമൊക്കെ കുടുംബത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന് പൊരുത്തത്തിന്റെ മേഖലകള്‍ കണ്ടെത്തുമ്പോള്‍ ദാമ്പത്യം ആഹ്ലാദകരമാകും. ഒപ്പം വ്യക്തികള്‍ സ്വയം നിയന്ത്രിക്കുകയും ദാമ്പത്യത്തിലെ പ്രശ്‌നങ്ങള്‍ പരസ്പരം സംസാരിച്ച് പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്താല്‍ അത് അസാധ്യമല്ല.

സ്വാതന്ത്ര്യത്തിന്റെ പേരില്‍

ചെറുപ്പക്കാര്‍ക്കിടയില്‍ ഇന്‍ഡിവിജ്വലിസം വ്യാപകമാവുകയാണ്. ഉത്തരവാദിത്തങ്ങളില്ലാത്ത, ചരടുകളില്ലാത്ത സ്വതന്ത്രബന്ധങ്ങളോടാണവര്‍ക്കിന്ന് താല്‍പര്യം. ലിവ്-ഇന്‍ റിലേഷനുകളും കാഷ്വല്‍ സെക്‌സുമൊക്കെ നമ്മുടെ ചെറുപ്പക്കാര്‍ക്കിടയില്‍ കൂടുന്നതായി ഒരു പ്രമുഖ ദേശീയ മാസിക ഈയിടെ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത് ഓര്‍ക്കുക. ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവം മൂലമുള്ള ലൈംഗിക അസംതൃപ്തിയും വിവാഹേതര ബന്ധങ്ങള്‍ കൂടാനുള്ള ഒരു കാരണമായി മനശ്ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.

സ്ത്രീകള്‍ നേരത്തേ ലൈംഗിക ജീവിതത്തില്‍ നിന്ന് പിന്മാറുന്നത് മധ്യവയസ്‌കരായ പുരുഷന്മാരെ വിവാഹേതര ബന്ധങ്ങള്‍ തേടാന്‍ പ്രേരിപ്പിക്കുന്നുണ്ട്. അതേസമയം ലൈംഗികതയില്‍ പുരുഷന്‍ ഇപ്പോഴും തുടരുന്ന ഏകാധിപത്യ സമീപനമാണ് സംതൃപ്തമായ മറ്റു ബന്ധങ്ങള്‍ തേടാന്‍ സ്ത്രീകളെ പ്രേരിപ്പിക്കുന്ന ഒരു ഘടകം. കിടപ്പറയില്‍ പെണ്ണിനെ കീഴടക്കാനാണ് ഇന്നും മലയാളി പുരുഷന്‍ ശ്രമിക്കുന്നത്. കീഴടങ്ങാന്‍ മലയാളി യുവതി തയ്യാറുമല്ല. അവളിലെ മാറ്റം തിരിച്ചറിയാനോ ഉള്‍കൊള്ളാനോ പുരുഷന് കഴിഞ്ഞിട്ടില്ല. അത് സംശയരോഗമായും മറ്റും അവനില്‍ പ്രതിഫലിക്കുമ്പോള്‍ അവളില്‍ അത് കുടുംബത്തിനുപുറത്ത് സംതൃപ്തി നേടാനുള്ള ആഗ്രഹമായാണ് പ്രതിഫലിക്കുന്നത്.

യാസിര്‍ ഫയാസ്‌

കടപ്പാട്: മാതൃഭൂമി


നെഞ്ചില്‍ ഒരു കനല്‍


 നെഞ്ചില്‍ ഒരു കനല്‍
ഓരോ പെണ്‍കുട്ടി ജനിക്കുമ്പോഴും മാതാപിതാക്കളുടെ നെഞ്ചില്‍ ഒരു കനല്‍ കിടന്ന്‌ പുകയാന്‍ തുടങ്ങുന്നതും ഈ ദുരാചാരം വളരെ പ്രഭലമായി തന്നെ ഇന്നും നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നതു കൊണ്ടാണ്‌. സ്വന്തമായി ഒരു വീടുണ്ടാക്കുക, മക്കളെ ഡോക്ടറാക്കുക അല്ലെങ്കില്‍ എഞ്ചിനിയറിങ്ങിന്‌ അയക്കുക എന്നൊക്കെയുള്ള ജീവിതത്തിലെ ചിലവേറിയ അത്യാവശ്യങ്ങളേക്കാള്‍ അത്യാവശ്യ കാര്യമായിരിക്കുകയാണ്‌ മകള്‍ക്കുള്ള സ്‌ത്രീധനം കൊടുക്കാന്‍ പണം കണ്ടെത്തുക എന്നത്‌.

കാലം മുന്നോട്ടു പോവുകയും, ആളുകള്‍ കൂടുതല്‍ വിദ്യാസമ്പന്നരാകുകയും ചെയ്‌തതിന്റെ ഫലമായി സ്‌ത്രീധനം ചോദിച്ചു വാങ്ങുന്നത്‌ അപമാനകരമാണ്‌ എന്നൊരു തോന്നല്‍ പൊതുവെ ആളുകള്‍ക്കിടയ്‌ക്ക്‌ ഉണ്ടായിട്ടുണ്ട്‌. അതുകൊണ്ട്‌ മുമ്പൊക്കെ കണക്കു പറഞ്ഞ്‌ വാങ്ങുന്നതിനു പകരം’നിങ്ങളുടെ മകള്‍ക്ക്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടത്‌ കൊടുക്കാം’ എന്നു പറഞ്ഞതിന്‌ തൊട്ടുപിന്നാലെ ‘ഞങ്ങളുടെ മകള്‍ക്ക്‌ ഇത്രേം കൊടുത്തിട്ടാണ്‌ ഇറക്കി വിട്ടത്‌’ എന്നൊരു ഡയലോഗു കൂടി വരും.

വേറെ ചില വിദ്വാന്‍മാര്‍ ഒന്നും മിണ്ടാതിരിക്കും, കിട്ടുകയാണെങ്കില്‍ കിട്ടട്ടെ എന്നൊരു ലൈനില്‍. എന്നാലും എനിക്കു സ്‌ത്രീധനം വേണ്ട എന്നു ആര്‍ജ്ജവത്തോടെ ഉറപ്പിച്ചു പറയാന്‍ ആരും തയ്യാറല്ല. സ്‌ത്രീധനം വേണ്ട എന്നു പറഞ്ഞ്‌ വിവാഹം കഴിക്കുന്നവര്‍ ഇല്ല എന്നല്ല. അങ്ങനൊരു ന്യൂനപക്ഷം ഭാഗ്യവശാല്‍ നമ്മുടെ സമൂഹത്തില്‍ വളര്‍ന്നു വരുന്നുണ്ട്‌.

വരന്‍ തനിക്ക്‌ സ്‌ത്രീധനം വേണ്ട എന്നുറപ്പിച്ചു പറയാന്‍ തയ്യാറാകാത്തിടത്തോളം കാലം, വധുവിന്റെ വീട്ടുകാര്‍ എങ്ങനെയെങ്കിലും പണം ഉണ്ടാക്കി പരമാവധി സ്വര്‍ണ്ണം വാങ്ങി പെണ്‍കുട്ടിയുടെ കഴുത്തില്‍ തൂക്കും. സ്വര്‍ണ്ണത്തിന്റെ തൂക്കം കുറഞ്ഞാല്‍ ഭര്‍തൃ വീട്ടില്‍ അവള്‍ കഷ്ടപ്പെടുമോ എന്ന പേടിയാണ്‌ ഇതിനു പിന്നില്‍.

സ്‌ത്രീധന സമ്പ്രദായം സമൂഹത്തില്‍ നിന്നും തുടച്ചുനീക്കാത്തിടത്തോളം കാലം പെണ്‍കുട്ടികള്‍ കുടുംബത്തിന്‌ ഭാരമായി തുടരും. വലിയ വില കൊടുത്ത്‌ വീട്ടില്‍ നിന്നും കെട്ടുകെട്ടിച്ച്‌, ഭാരമൊഴിവായതിന്റെ സമാധാനത്തിലായിരിക്കും വീട്ടിലെ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍. എന്നാല്‍ സ്‌ത്രീധനം ഒപ്പിച്ചതിന്റെ കടം വീട്ടാനുള്ള നെട്ടോട്ടത്തിന്റെ ദിനങ്ങളായിരിക്കും വരാനിരിക്കുന്നത്‌.

ജോലി നേടാന്‍ കോഴ കൊടുക്കാനുള്ള പണം ഒപ്പിക്കാന്‍ സ്വന്തമായി ജോലി പോലും ആവുന്നതിനു മുമ്പ്‌ വിവാഹം കഴിക്കുന്നവരും ധാരാളം. ചുരുക്കത്തില്‍ മക്കള്‍ക്ക്‌ ഭര്‍ത്താക്കന്‍മാരെ പൊന്നും വില കൊടുത്തു വാങ്ങേണ്ട ഗതികേടാണ്‌ നമ്മുടെ നാട്ടിലെ മാതാപിതാക്കള്‍ക്ക്‌.

ഇതിനെല്ലാം ഒരുമ്പെടും മുമ്പ്‌ ഒരു നിമിഷമെങ്കിലും ഒന്നും ചിന്തിച്ചു നോക്കിയിട്ടുണ്ടോ, താന്‍ ചെയ്യുന്നത്‌ ശരിയാണോ എന്ന്‌. നിയമം എന്തെങ്കിലും ആവട്ടെ, സ്വന്തം മനസ്സാക്ഷിയുടെ മുന്നില്‍ ഒരു കള്ളനെ പോലെ നില്‍ക്കേണ്ട അവസ്ഥ എന്തിനാണ്‌ വില കൊടുത്തു വാങ്ങുന്നത്‌.

പുരുഷന്‍മാരേക്കാള്‍ സ്‌ത്രീകള്‍ക്കാണ്‌ ഇവിടെ എന്തെങ്കിലും ചെയ്യാന്‍ കഴിയുക എന്നു പറയാം. കാരണം, സ്‌ത്രീധനം വാങ്ങുന്നവന്‌ താന്‍ കഴുത്തു നീട്ടി കൊടുക്കില്ല എന്ന്‌ അവള്‍ അങ്ങു തീരുമാനിച്ചാല്‍ അവനെന്തു ചെയ്യും? വിവാഹം കഴിക്കണ്ട എന്നു തീരുമാനിക്കുമോ! പെണ്‍കുട്ടികളേ, തീരുമാനിക്കേണ്ടത്‌ നിങ്ങളാണ്‌.

Posted by: വൈയവന്‍
കടപ്പാട്: വന്‍ഇന്ത്യ 

Tuesday 6 November 2012

ലയാളിക്കു എന്ധാ വെണ്ടധു ?

ലയാളിക്കു വേണ്ടാത്ത മലയാളം
ഇന്ന് കേരളപ്പിറവിദിനമാണ്. ഈ ദിവസംമാത്രം കവിതാശകലങ്ങള്‍ പാടി ഭാഷാസ്‌നേഹം പ്രകടിപ്പിക്കുന്ന സാംസ്‌കാരികനായകന്‍മാര്‍ ഒരുപാടുള്ള സംസ്ഥാനമാമിണ്. ഭാഷാ അടിസ്ഥാനത്തില്‍ രൂപീകൃതമായ കേരളത്തില്‍ മാതൃഭാഷയായ മലയാളം പഠിക്കാതെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനം. കേരളത്തിലെ ഇംഗ്ലീഷ്മീഡിയം സ്‌കൂളുകലില്‍ അബദ്ധത്തിലായാല്‍പ്പോലും മലയാളം പറഞ്ഞുപോയാല്‍ പിഴചുമത്തുകയോ പുറത്തുപോവുകയോ ചെയ്യേണ്ടവരുന്ന സ്ഥിതി! ഇതുപോലെ അവഗണിക്കപ്പെടുന്ന ഒരു ഭാഷ വേറെയുണ്ടാവുമോ എന്നു സംശയിക്കണം!
കേരളത്തില്‍ ഒന്നാം ഭാഷയായി മലയാളം പഠിപ്പിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് കര്‍ണ്ണാടകക്കാരനും ജ്ഞാനപീഠജേതാവുമായ യു ആര്‍ അനന്തമൂര്‍ത്തിയാണ് എന്നത് വളരെ രസകരമായിത്തോന്നാം. അയല്‍സംസ്ഥാനങ്ങള്‍ മാതൃഭാഷയുടെ പ്രോത്സാഹനത്തിനായി പ്രവര്‍ത്തനങ്ങള്‍വച്ചുനോക്കുമ്പോള്‍ നമ്മുടെ മാതൃഭാഷയുടെ വളര്‍ച്ചയ്ക്ക് സര്‍ക്കാര്‍തലത്തില്‍നിന്നും കാര്യമായി ഒന്നും ചെയ്യുന്നില്ലെന്നുതന്നെ പറയേണ്ടിവരും.
നമ്മുടെ തൊട്ടുത്ത സംസഥാനങ്ങളായ തമിഴ്‌നാട്, കര്‍ണ്ണാടകം, ആന്ധ്രാപ്രദേശ്, എന്നിവിടങ്ങളില്‍ മാതൃഭാഷാപഠനം നിര്‍ബന്ധമാണ്. കോയമ്പത്തൂരില്‍വച്ചുനടന്ന വേള്‍ഡ് തമിഴ് കോണ്‍ഫ്രന്‍സില്‍ തമിഴില്‍ പുതിയ പദങ്ങള്‍ കണ്ടെത്തുന്നതിനുള്ള നടപടിക്രമങ്ങളെക്കുറിച്ചും നല്ല പദങ്ങള്‍ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തു. ആരോഗ്യവിദ്യാഭ്യാസരംഗത്തുപോലും തമിഴ് നിര്‍ബന്ധമാക്കി.
ഇത്രയൊന്നും ചെയ്തില്ലെങ്കിലും വേണ്ട.. ‘എന്റെ മോള്‍ക്ക്/മോന് മലയാളം അറിയില്ല’എന്ന് അഭിമാനത്തോടെപറയുന്ന മാതപിതാക്കളുടെ മനസ്ഥതിക്ക് മാറ്റമുണ്ടാക്കുവാനുള്ള എന്തെങ്കിലും മലയാളികള്‍ പ്രതീക്ഷിക്കുന്നു
കേരളത്തിലെ സ്‌കൂളുകളില്‍ മലയാളഭാഷാപഠനത്തെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ നിയോഗിച്ച ഡോ. ആര്‍.വി.ജി മോനോന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം കേന്ദ്രബോര്‍ഡുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നതടക്കം കേരളസംസ്ഥാനത്തിലെ എല്ലാ വിദ്യാലയങ്ങളിലും ഹൈസ്‌കൂള്‍തലംവരെ മലയാളഭാഷാപഠനം നിര്‍ബന്ധമാക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. അതിമധുരംപോലെ മലയാളത്തിനായി ഒരു സര്‍വകലാശാലയ്ക്കും ഇന്ന് തിരിതെളിയുകയാണ്. അതും ഭാഷാപിതാവായ തുഞ്ചത്തെഴുത്തച്ഛന്റെ നാമത്തില്‍.. മാതൃഭാഷ നേരിടുന്ന അവഗണനകള്‍ അവസാനിക്കാന്‍ ഇത്തരം സ്ഥാനങ്ങള്‍ക്കു കഴിയട്ടെ എന്നു നമുക്ക് പ്രത്യാശിക്കാം.
കേരളപ്പിറവിദിനത്തില്‍ത്തന്നെ കേരളത്തിലെ ഏറ്റവും വലിയ പുസ്തകമാമാങ്കത്തിനും തിരിതെളിയുകയാണ്. എറണാകുളം മറൈന്‍ഡ്രൈവ് ഗ്രൗണ്ടില്‍ ഡി സി ബുക്‌സ് സംഘടിപ്പിച്ചിരിക്കുന്ന അന്താരാഷ്ട്രപുസ്തകമേള ടര്‍ക്കിഷ് എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായ ഗുല്‍എരിപോഗ്‌ലു തിരിതെളിക്കും. ഡി സി ബുക്‌സിന്റെ സാംസ്‌കാരികവാര്‍ത്താ പോര്‍ട്ടലിന്റെ ഉദ്ഘാടനം ഹൈബി ഈഡന്‍ എം എല്‍ എ നിര്‍വഹിക്കും. പുസ്തകോത്സവത്തിലേക്ക് ഏവരെയും ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു..
നന്ദി ;ഡി.സി.ബുക്സ്  ബോഗ്സ് 

Monday 5 November 2012

ഉസ്താദ് ഹോട്ടലും ഉസ്താദും


  • ഉസ്താദും ഉസ്താദ് ഹോട്ടലും
ഇതിവൃത്തത്തിന്‍റെ മുക്കുമൂലകളിലും അതിരുകളിലും കേന്ദ്രസ്ഥാനങ്ങളിലും ഉള്ള ഭൂരിഭാഗം കഥാപാത്രങ്ങളെയും മുസ്ലിം സമുദായത്തില്‍ നിന്ന് സ്വീകരിച്ചുകൊണ്ട് ആവിഷ്ക്കരിച്ചിട്ടുള്ള ഉസ്താദ് ഹോട്ടല്‍, ബോക്സാപ്പീസിലും മികച്ച വിജയം നേടാന്‍ സാധ്യത തെളിഞ്ഞിരിക്കുന്നു. നിരവധി ദശകങ്ങള്‍ക്കു ശേഷമാണ് മലയാളത്തിലെ മുഖ്യധാരാസിനിമയില്‍ ഇത്തരമൊരു പ്രതിനിധാന അട്ടിമറി നടക്കുന്നത്. അത് സാധ്യമാക്കിയതിന്‍റെ പേരില്‍ തിരക്കഥാകൃത്തായ അഞ്ജലി മേനോനും സംവിധായകനായ അന്‍വര്‍ റശീദും അഭിനന്ദനം അര്‍ഹിക്കുന്നു. മികച്ച പാക്കേജിങും പാട്ടുകളുടെ പിന്തുണയും പരസ്യങ്ങളുടെ നൂതനത്വവും ട്വിറ്ററും ഫേസ്ബുക്കും അടക്കമുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങിലൂടെയുള്ള "മൌത്ത് പബ്ളിസിറ്റി'യും മറ്റുമാണ് ചിത്രത്തെ എടുത്തുയര്‍ത്തിയത്. തിരക്കഥാരചന സ്ത്രീ നിര്‍വഹിച്ചതിനാലായിരിക്കണം, അശ്ളീലാത്മകവും ആഭാസകരവും അറപ്പുളവാക്കുന്നതുമായ ദ്വയാര്‍ത്ഥപ്രയോഗങ്ങളും ഗോഷ്ടികളും വേണ്ടെന്നു വെക്കപ്പെട്ടിരിക്കുന്നു. (സ്ത്രീകള്‍ക്ക് എല്ലാം എളുപ്പമാണ് എന്ന അശ്ളീലച്ചുവ കലര്‍ന്ന സ്ത്രീവിരുദ്ധ സംഭാഷണം സ്ത്രീ കഥാപാത്രത്തെക്കൊണ്ടു തന്നെ പറയിപ്പിച്ചത് മറന്നുകൊണ്ടല്ല ഇത് പറയുന്നത്). അശ്ളീലവും ആഭാസത്തരവുമില്ലാതെ തന്ന, ഹാളിനകത്ത് ആര്‍പ്പുവിളികളും കൈയടികളും നേടാനായി എന്നതും നിസ്സാരമല്ല.
1999ലിറങ്ങിയ ഉസ്താദ് (രഞ്ജിത്/സിബി മലയില്‍) എന്ന തട്ടുപൊളിപ്പന്‍ സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന നായകവേഷത്തിന് ഇരട്ടവ്യക്തിത്വമാണുണ്ടൊയിരുന്നത്. കോഴിക്കോട്ടെത്തുമ്പോള്‍, സഹോദരിയെ അളവറ്റു സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന പാവത്താനായ പരമേശ്വരന്‍ എന്ന ഹിന്ദു നാമധാരി; പുറത്തു കടക്കുമ്പോള്‍, എതിരാളികളെ തകര്‍ത്തില്ലാതാക്കുന്ന അധോലോക നായകനാകുന്നു. അപ്പോള്‍ അയാള്‍, മുസ്ലിങ്ങളായ ഗുരുസ്ഥാനീയര്‍ സ്വീകരിക്കുന്ന ഉസ്താദ് എന്ന വിശേഷണം എടുത്തണിയുന്നു. മറ്റൊരു രീതിയില്‍ വ്യാഖ്യാനിച്ചാല്‍, 1990കളിലെ തീവ്ര&വലതുപക്ഷ&ഹിന്ദുത്വാക്രമണോത്സുകമായ മലയാള സിനിമ; കോഴിക്കോട്ടു നിന്ന് പുറത്താക്കുകയും അധോലോകം സമം മുസ്ലിം എന്ന സൂത്രവാക്യത്തിലേക്ക് തിരുകിക്കയറ്റുകയും ചെയ്തിരുന്ന ഉസ്താദ് എന്ന സ്ഥാനപ്പേര്, പരമശുദ്ധനും പാചകകലയിലെ കൈപ്പുണ്യം കൊണ്ട് ഭക്ഷണപ്രിയര്‍ക്ക് ദൈവതുല്യനുമായിക്കഴിഞ്ഞ കരീം (തിലകന്‍) എന്ന കോഴിക്കോട്ടുകാരന് ലഭിക്കുകയും അദ്ദേഹം ആ സ്വന്തം പേരില്‍ തന്ന ഹോട്ടല്‍ തുടങ്ങി സാധാരണക്കാരെയും പണക്കാരെയും ഒരേ സമയം സംതൃപ്തപ്പെടുത്തുകയും ചെയ്യുന്നു. 1999ലെ ഉസ്താദില്‍ നിന്ന് 2012ലെ ഉസ്താദ് ഹോട്ടലിലേക്ക് സഞ്ചരിക്കുമ്പോള്‍, അവമതിപ്പ്, അവഹേളനം, വെറുപ്പ്, വംശഹത്യ തുടങ്ങിയ കീഴ്പ്പെടുത്തലില്‍ നിന്ന് ഒരളവു വരെ മലയാള സിനിമ വിമോചിപ്പിക്കപ്പെട്ടുവെന്നത് പ്രസ്താവ്യമാണ്.
ചിത്രത്തിന്‍റെ ഇതിവൃത്തത്തില്‍ കാര്യമായ പുതുമയൊന്നും അവകാശപ്പെടാനില്ല. തിന്മക്കും ദുരാഗ്രഹങ്ങള്‍ക്കും മേല്‍ നന്മയുടെ വിജയം ഘോഷിക്കുന്ന മറ്റൊരു ഗുണപാഠ സിനിമ മാത്രമാണിത്. അപ്രകാരം ഒരു ഗുണപാഠം കാശുവാരിക്കൂട്ടുന്നതില്‍ ആരും അസ്വസ്ഥരാകേണ്ട കാര്യവുമില്ല. എന്നാല്‍, ജനപ്രിയത രൂപീകരിക്കുന്നതിനു വേണ്ടി മുസ്ലിം സമുദായത്തിന്‍റെ പ്രതിനിധാന ലക്ഷണങ്ങളായി എടുത്തുകാട്ടുന്ന ഘടകങ്ങളെന്തൊക്കെ എന്ന് പരിശോധിക്കാതിരിക്കാനുമാവില്ല. കാമം, ഭക്ഷണം എന്നീ രണ്ടു അടിസ്ഥാന മാനുഷികാവശ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരും ചുറ്റിക്കറങ്ങുന്നവരുമാണ് മലയാള സിനിമയിലെ മുസ്ലിങ്ങളെപ്പോഴും. വെപ്പുകാരന്‍ കരീമിന്‍റെ മകന്‍ എന്ന അവമതിപ്പില്‍ നിന്ന് പുറത്തുകടക്കാന്‍ ഗള്‍ഫിലും നാട്ടിലും മറ്റുമായി ബിസിനസ് സാമ്രാജ്യങ്ങള്‍ വെട്ടിപ്പിടിക്കുകയും കെട്ടിപ്പടുക്കുകയും ചെയ്യുന്ന അബ്ദുറസ്സാക്കിന്(സിദ്ദീഖ്) നാലു പെണ്‍മക്കളും ഒരാണ്‍കുട്ടിയുമാണുള്ളത്. മുസ്ലിങ്ങള്‍ പെറ്റു പെരുകിക്കൊണ്ടേയിരിക്കും എന്നും അവര്‍ക്ക് കാര്യമായ പണി പ്രത്യുല്‍പാദനം തന്നയാണെന്നും ബോധിപ്പിക്കുന്നതിനു വേണ്ടി അബ്ദുറസ്സാക്കിന്‍റെ കുടുംബത്തിനു പുറമെ, മറ്റ് പരാമര്‍ശങ്ങളും സിനിമയിലുണ്ട്. ഉസ്താദ് ഹോട്ടലില്‍ നിന്ന് ബിരിയാണി ഓര്‍ഡര്‍ എത്തിക്കുന്നതിനിടെ ഒരു വീട്ടുകാരനോട് ഫൈസി(ദുല്‍ക്കര്‍ സല്‍മാന്‍) ചോദിക്കുന്നുണ്ട്: കൂട്ടുകുടുംബമാണല്ല! ഗൃഹനാഥന്‍റെ മറുപടി: അല്ല ഒക്കെ ഞമ്മളുടേത് തന്നെ. ഹാളില്‍ പ്രകമ്പനം കൊള്ളിക്കുന്ന പൊട്ടിച്ചിരിയാണ്. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും മാറി മാറി പ്രചാരണം നടത്തി ജനങ്ങളെ ഉദ്ബുദ്ധരാക്കിയ കുടുംബാസൂത്രണ/കുടുംബക്ഷേമ പദ്ധതിയുടെ ഗുണഫലമായിട്ടു മാത്രമാണ് ഈ കൂട്ടച്ചിരിയും ആര്‍പ്പുവിളിയും എന്നു വിശ്വസിക്കാനാവില്ല. മുസ്ലിങ്ങള്‍ക്കെതിരായ പരാമര്‍ശമാണെന്നതുകൊണ്ടു തന്നയാണ് മൃദുഹിന്ദുത്വത്തില്‍ കിടന്നു പുളക്കുന്ന കേരളീയ പ്രേക്ഷകര്‍ അര്‍മാദിക്കുന്നത്. ഫൈസിയുടെയും ഇത്താത്തമാരുടെയും ഉമ്മ മരിച്ചതിനെ തുടര്‍ന്ന് അബ്ദുറസ്സാക്ക് രണ്ടാമതു പെണ്ണു കെട്ടിക്കൊണ്ടുവരുന്ന സീനിലും ഇതേ അര്‍മാദം തിയറ്ററിനെ ഇളക്കിമറിക്കുന്നുണ്ടായിരുന്നു. അതിന്‍റെ പുറകിലെ അസുഖവും മറ്റൊന്നല്ലല്ലാ!
പരമ്പരാഗതത്വത്തിനും ആധുനികതക്കുമിടയില്‍ ഗതിയില്ലാതെ അലയുന്ന സമുദായമായിട്ടാണ് മലബാറിലെ മുസ്ലിമിങ്ങളെ മറ്റു സമകാലിക പ്രതിനിധാനങ്ങളിലെന്നതുപോലെ ഉസ്താദ് ഹോട്ടലും പരിചരിക്കുന്നത്. ഷഹാന(നിത്യ മേനോന്‍)യെ പെണ്ണു കാണാനായി ഫൈസി എത്തുന്ന സീന്‍ ശ്രദ്ധിക്കുക. ആര്‍ഭാടം ജനിപ്പിക്കുന്നതും അത്യന്താധുനികവുമായ രീതിയില്‍ കെട്ടിപ്പടുക്കപ്പെട്ടിട്ടുള്ള വീടാണ് അവളുടേത്. എന്നാല്‍, അവിടെ താമസിക്കുന്നവര്‍ സാമുദായികത വിളിച്ചോതുന്ന രീതിയിലുള്ള വേഷവിധാനങ്ങളാണ് ധരിച്ചിരിക്കുന്നത്. മാത്രമല്ല, നാടന്‍ പലഹാരങ്ങളാണ് പൂമുഖത്തെ ടീപ്പോയില്‍ നിരത്തുന്നത്. വിദേശത്ത് ജീവിതം സുഖകരം തന്ന; പക്ഷെ നാട്ടിലെ പലഹാരം അവിടെയില്ല എന്ന ഫൈസിയുടെ വെള്ളമൂറുന്ന പ്രതികരണം ഈ നാട്ടുപലഹാരം നിരത്തലിനെ ഉറപ്പിച്ചെടുക്കുകയും ചെയ്യുന്നു. പിന്നീട്, പുതുക്കക്കാരുടെ പരിഷ്ക്കാരങ്ങളെ അംഗീകരിക്കുന്നുവെന്നതിന്‍റെ പേരില്‍, ഫൈസിയെയും ഷഹാനയെയും ഒറ്റക്ക് സംസാരിക്കാനായി മുതിര്‍ന്നവര്‍ അനുവദിക്കുന്നുണ്ടങ്കിലും അവരെ വീടിന്‍റെ ഒത്ത മധ്യത്തില്‍ നടുമുറ്റം പോലെ നിര്‍മിച്ചിട്ടുള്ള സ്ഥലത്താണിരുത്തുന്നത്. ഈ വീടിന്‍റെ എല്ലാ മൂലകളില്‍ നിന്നും കാണാവുന്നതും നിരീക്ഷിക്കാവുന്നതുമായ സ്ഥലമാണിതെന്നും എല്ലായിടത്തും പാരകള്‍ ഒളിനോട്ടവും തുറിച്ചു നോട്ടവുമായി നില്‍ക്കുകയാണെന്നും അവള്‍ തുറന്നുകാട്ടിക്കൊടുക്കുന്നുമുണ്ട്. പാരമ്പര്യത്തിനും ആധുനികതക്കുമിടയിലുള്ള ഗതികേടിന്‍റെ ഈ നൂല്‍പ്പാലം, മുസ്ലിം സമുദായത്തെ ചൂഴ്ന്നു നില്‍ക്കുന്നുണ്ടന്ന നിരീക്ഷണ/വിമര്‍ശനമാണ് ഉന്നയിക്കപ്പെടുന്നത്.
ഏറ്റവും സംഘര്‍ഷഭരിതമായ കാര്യം, ഈ ഗതികേടിനെയും അതിന്‍റെ രണ്ടു ധ്രുവങ്ങളെയും അപനിര്‍മിക്കുമ്പോള്‍ വെളിപ്പെട്ടുവരും. കുടുംബത്തെയും അതിന്‍റെ കെട്ടുറപ്പ്, സ്നേഹസാമീപ്യം തുടങ്ങിയ ഘടകങ്ങളെയും ഉപേക്ഷിക്കാനും വയ്യ എന്നാല്‍ പുതുമകളില്‍ വിലസുകയും വേണം എന്ന കൌമാര&യൌവന കാലഘട്ടത്തിന്‍റെ സ്വാഭാവിക പ്രതിസന്ധി തന്നയാണ് വിവരിക്കപ്പെടുന്നതെങ്കിലും അതിന് കൈവരുന്ന സാമുദായികഛായകളാണ് സൂക്ഷ്മ വിശകലനം ആവശ്യപ്പെടുന്നത്. നാട്ടു തനിമയും സാമുദായിക മൌലികതയും മാറി മാറി പാരമ്പര്യത്തിന്‍റെയും യാഥാസ്ഥിതികതയുടെയും ലക്ഷണങ്ങളായി പ്രത്യക്ഷീകരിക്കുന്നുണ്ട്. ഭക്ഷണരീതിയാണ് നാട്ടുതനിമയുടെ പ്രത്യക്ഷങ്ങളെങ്കില്‍; വേഷവിധാനവും സ്ത്രീപുരുഷ ബന്ധത്തിന്‍റെ നിര്‍ബന്ധങ്ങളുമാണ് സാമുദായിക പ്രത്യക്ഷങ്ങളായി വരുന്നത്. ഇവയെല്ലാം കൂട്ടിക്കലര്‍ത്തി അവതരിപ്പിക്കപ്പെടുന്നതിനാല്‍, മൃദുഹിന്ദുത്വ പരിഹാസങ്ങള്‍ക്ക് എല്ലാം ഒരു പോലെ പാത്രീഭൂതമാകുകയും ചെയ്യുന്നു. ഉസ്താദ് ഹോട്ടലില്‍ തമ്പടിച്ചിട്ടുള്ള കല്ലുമ്മക്കായ എന്ന പേരുള്ള മല്ലുപോപ്പ് ഗായക സംഘം, ഫൈസിയെ തങ്ങളുടെ അവതരണഹാളിലേക്ക് ക്ഷണിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന കാര്യങ്ങളും സൂക്ഷ്മമായി വിശകലനം ചെയ്താല്‍ ഈ സംഘര്‍ഷം വിശദീകരിക്കപ്പെടും. ഉസ്താദ് ഹോട്ടലിന്‍റെ തന്നെ പരസ്യ ആല്‍ബമായി ചാനലുകളിലും യുട്യൂബിലും ഒരു പോലെ പ്രചരിപ്പിക്കപ്പെടുന്ന, അപ്പങ്ങളെല്ലാം ചുട്ടമ്മായി എന്ന പാട്ടാണ് ആലപിക്കപ്പെടുന്നത്. ഏറെ ജനപ്രിയമായ മാപ്പിളപ്പാട്ടിനെ പോപ്പിലേക്ക് ലയിപ്പിക്കുന്ന ഹരമാണ് നിര്‍വഹിക്കപ്പെട്ടിരിക്കുന്നത്. മാപ്പിളപ്പാട്ട്; അതിന്‍റെ തന്നെ വിഷയമായ ഭക്ഷണ വിവരണം; ആ ഭക്ഷണവിവരണത്തിനു തന്നെ നിദാനമായ അമ്മായി(അമ്മായിയമ്മ), മരുമകന്‍ അഥവാ പുതിയാപ്ള അഥവാ മകളുടെ ഭര്‍ത്താവ് എന്ന പാരസ്പര്യം എന്നിവ പലതരം ഗൂഢലീലകളിലേക്ക് വിനിമയം ചെയ്യപ്പെടുന്നു. മുസ്ലിം സമുദായത്തില്‍ വയസ്സിളപ്പത്തില്‍ തന്നെ പെണ്‍കുട്ടികള്‍ വിവാഹിതരാകുന്നതിനാല്‍ അവരുടെ പെണ്‍കുട്ടികളും പെട്ടെന്ന് പ്രായപൂര്‍ത്തിയാകുകയും വിവാഹിതരാകുകയും ചെയ്യുന്നുണ്ടന്നാണ് വിവക്ഷിതം. ഈ കുട്ടികളുടെ വിവാഹവും ചെറുപ്രായത്തില്‍ നടക്കുമ്പോള്‍, അമ്മായിയമ്മയും മരുമകനും തമ്മിലുള്ള ബന്ധം അമ്മ/മകന്‍ എന്നതിനു പകരം ലൈംഗികകമിതാക്കള്‍ എന്ന വിധത്തിലേക്ക് വഴി തെറ്റിപ്പോകാറുണ്ടന്നാണ് സദാചാരപ്പോലിസിന്‍റെ ഭാഷ്യം. ഈ ഭാഷ്യത്തെ പരോക്ഷമായി സാധൂകരിക്കുന്നതിനു വേണ്ടിയായിരിക്കാം, അപ്പത്തരം, അമ്മായി, മരുമകന്‍ തുടങ്ങിയ പദങ്ങളെ നിഷ്ക്കളങ്കമായി പരിചരിച്ചിരുന്ന പഴയ മാപ്പിളപ്പാട്ടിനെ പുതിയ ഈണങ്ങളിലേക്കും പുതിയ ഊന്നലുകളിലേക്കും പുതിയ മുഴക്കങ്ങളിലേക്കും അതുവഴി പുതിയ കേള്‍വികളിലേക്കും പുതിയ വ്യാഖ്യാനങ്ങളിലേക്കും വിന്യസിപ്പിച്ചിരിക്കുന്നത്.
http://youtu.be/eCSvdXJqDqQ (അപ്പങ്ങളെമ്മാടും എന്ന പാട്ട് ഈ യൂട്യൂബ് ലിങ്കില്‍ കാണുക.
ഉസ്താദ് ഹോട്ടലില്‍ തമ്പടിച്ചിരിക്കുന്ന ആണ്‍ ഗായകരുടെ ക്ഷണം സ്വീകരിച്ചാണ് ഫൈസി ഹാളിലെത്തുന്നത്. എന്നാലവനെ വിസ്മയിപ്പിച്ചുകൊണ്ട്, താന്‍ പെണ്ണു കാണാന്‍ പോയി അവിടെ തന്നെ ഉപേക്ഷിച്ചു പോന്ന ഷഹാന ആ ഗായകസംഘത്തിലെ മുഖ്യഗായികയായി പാട്ടു പാടി തിമിര്‍ക്കുന്നതിന് അവന്‍ സാക്ഷ്യം വഹിക്കുന്നു. തിരക്കഥയിലെ ഏറ്റവും ദുര്‍ബലമായ കണ്ണികളാണ് ഈ ദൃശ്യവും തുടര്‍ന്നുള്ള ദൃശ്യങ്ങളും എന്നതിരിക്കട്ടെ. പണവും സ്വാധീനവും ബന്ധുബലവും ഉള്ള വീട്ടില്‍ നിന്ന് ഒളിച്ചുകടന്ന് നൂറു കണക്കിന് ആളുകള്‍ ആടിത്തിമിര്‍ക്കുന്ന സംഗീതപരിപാടിയില്‍ മുഖ്യഗായികയായി പ്രത്യക്ഷപ്പെട്ട് യാതൊരു പരുക്കും പറ്റാതെ അവള്‍ മതില്‍ ചാടി വീട്ടില്‍ തിരിച്ചെത്തുന്ന സീന്‍ കണ്ടിരിക്കാന്‍ രസമാണെങ്കിലും ഒട്ടും തന്നെ വിശ്വാസയോഗ്യമല്ല. കണ്ട ഉടനെയുള്ള വിസ്മയം മാറി, ഫൈസിയും ഹാളിനകത്തെ ആട്ടത്തില്‍ പങ്കാളിയാകുകയും പിന്നീട് ഗായകസംഘത്തിന്‍റെ റിലാക്സിംഗില്‍ ഒത്തു ചേരുകയും ചെയ്യുന്നു. അവിടെ പരസ്പരം മിണ്ടാനാകാതെ ഫൈസിയും ഷഹാനയും തരിച്ചിരിക്കുകയാണ് ചെയ്യുന്നത്. സമയം അതിക്രമിക്കവെ, അവള്‍ക്ക് വീട്ടില്‍ തിരിച്ചെത്തുകയും വേണം; എന്നാല്‍ മറ്റു ഗായക സംഘാംഗങ്ങളൊക്കെയും ബീറടിച്ച് സ്വിമ്മിംഗ് പൂളിന്‍റെ കരയിലും വെള്ളത്തിനടിയിലും ഒക്കെയായി പൂസായിരിക്കുകയുമാണ്. നിങ്ങളെന്നാട് ഈ ചതി എപ്പോഴുമെന്തിനാണ് ചെയ്യുന്നത് എന്നു പറഞ്ഞ് പരിഭവിക്കുന്ന ഷഹാനയെ വീട്ടില്‍ കൊണ്ടു ചെന്നത്തിക്കുന്ന ഉത്തരവാദിത്തം ഫൈസി ഏറ്റെടുക്കുന്നു. പ്രേക്ഷകരും പ്രതീക്ഷിക്കുന്നത് അതു തന്ന. അതിനായി കഥ കൊണ്ടു ചെന്നത്തിക്കുന്നതിനു സഹായിക്കുന്ന ബീര്‍ (ആ ബീറിന്‍റെ വില ഫൈസലില്‍ നിന്നീടാക്കാം), മദ്യപാനം ആരോഗ്യത്തിനു ദോഷകരം എന്ന പതിവ് ഗുണപാഠ സബ്ടൈറ്റിലിംഗിനോടൊപ്പം നാം സ്വീകരിച്ചിരിക്കുന്നു! മാത്രമോ, വിദേശത്ത് പഠിക്കുകയും മദാമ്മയെ പ്രേമിക്കുകയും ചെയ്തിട്ടും മദ്യവും പുകയും കൈകൊണ്ട് തൊടാത്ത നന്മ നിറഞ്ഞ നായകനെയും, 22 ഫീമെയില്‍ കോട്ടയത്തിലെ ടെസ്സ കെ ഏബ്രഹാമിന്‍റേതു പോലെ ദുശ്ശീലങ്ങളൊന്നും പഠിക്കാത്ത നായികയെയും പഴയ നസീര്‍/ഷീല സിനിമകളില്‍ നിന്ന് നമുക്ക് തിരിച്ചു കിട്ടുകയും ചെയ്തിരിക്കുന്നു. അതുമല്ല, ഉസ്താദ് ഹോട്ടല്‍ പിടിച്ചെടുക്കാന്‍ വേണ്ടി പ്ലാന്‍ വരയ്ക്കുക എന്ന ഭീകരകൃത്യം ചെയ്യുന്ന പഞ്ചനക്ഷത്ര മുതലാളിയെ തുറുപ്പഗുലാനില്‍ നിന്ന് കടമെടുക്കാന്‍, രാജമാണിക്യം/ഛോട്ടാ മുംബൈ/അണ്ണന്‍തമ്പി കാലത്തേക്ക് അന്‍വര്‍ റശീദ് കുറച്ചൊന്ന് തിരിഞ്ഞു നടക്കുകയും ചെയ്തിരിക്കുന്നു.
തന്‍റെ ഭാവിയെക്കുറിച്ച് സ്വന്തമായി ഒരു സ്വപ്നമുണ്ടായിരിക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിച്ചുവരികയും ചെയ്തിരുന്ന ഫൈസല്‍; ഇതേ ഫൈസലിന്‍റെ മേല്‍ വന്‍ സാമ്പത്തിക പ്രതീക്ഷ വെച്ചു പുലര്‍ത്തുകയും അതിനനുസരിച്ച് കരുക്കള്‍ നീക്കുകയും ചെയ്യുന്ന അവന്‍റെ ബാപ്പ അബ്ദുറസാക്ക്; റസാക്കിന്‍റെ പിതാവ്, തന്‍റെ കൊച്ചു ലോകത്ത് കുറേക്കൂടി സന്തോഷവും സമാധാനവും ആഗ്രഹിക്കുകയും ചെയ്യുന്ന കരീം എന്നിവര്‍ ചേര്‍ന്ന രക്തബന്ധ സംഖ്യാരേഖയിലെ കണ്ണികളുടെ ശൈഥില്യവും പാരസ്പര്യവുമാണ് ഉസ്താദ് ഹോട്ടലിന്‍റെ പ്രതിപാദ്യാടിസ്ഥാനം. ഇവര്‍ മൂന്നാളുടെയും കഥാപാത്രവത്ക്കരണം നടത്തിയിരിക്കുന്നത്; നമുക്കിടയില്‍, നമുക്ക് തൊട്ടടുത്ത് സാധാരണ നാം കാണാറുള്ളവരില്‍ നിന്നാണെന്നാണ് തിരക്കഥാകൃത്തിന്‍റെയും സംവിധായകന്‍റെയും നാട്യം. വിദേശത്തു പോയി അവസരങ്ങള്‍ വെട്ടിപ്പിടിക്കേണ്ടതില്ല; നാട്ടിലുള്ള സാധ്യതകള്‍ തന്ന സര്‍ഗാത്മകമായും നീതിപൂര്‍വമായും ഉപയോഗപ്പെടുത്തുകയേ വേണ്ടൂ എന്ന ലളിതസമവാക്യവും ചിത്രത്തില്‍ ഉദ്ഘോഷിക്കപ്പെടുന്നു. എന്നാല്‍, നല്ല ഭക്ഷണം ഉണ്ടാക്കുന്നതെങ്ങനെ എന്നു പഠിപ്പിക്കാനേ ഉപ്പാപ്പയായ കരീമിക്കയ്ക്ക് കഴിയുന്നുള്ളൂ. അതെന്തിനാണങ്ങനെ ഉണ്ടാക്കുന്നത് (എപ്പടി സമക്കറത് എന്നല്ല, എത്ക്ക് സമക്കറത്) എന്നു പഠിക്കാന്‍, ഫൈസിയെ മധുരൈയിലേക്ക് ബസുകയറ്റി നാരായണകൃഷ്ണന്‍ (ജയപ്രകാശ്) എന്നയാളുടെയടുത്തേക്കയക്കുന്നുമുണ്ട്. ഈ പറഞ്ഞയക്കല്‍ അത്ര നിഷ്ക്കളങ്കമല്ല. സഞ്ജീവ് സ്വാമിനാഥന്‍ എഴുതുന്നു (നാലാമിടം ഡോട്ട് കോം): "വെജ് നോണ്‍ വെജ് സംവാദം& രുചിക്കൂട്ടുകള്‍ക്ക് മതപരമായ ചുറ്റുപാടുകളുമായുള്ള ബന്ധം നിഷേധിക്കാനാവില്ല. ബിരിയാണി ഇന്ന് എല്ലാവരുടെയും രുചിയാണെങ്കിലും അത് കടന്നു വന്ന പശ്ചാത്തലം എല്ലാവര്‍ക്കും അറിയാം. ബിരിയാണി വെച്ച് തഴമ്പു വീണ കരീം, കത്തും കൊടുത്ത് പേരക്കുട്ടിയെ അയക്കുന്നത് സാമ്പാറും പുളിശേരിയും ഇഡലിയും വടയുമൊക്കെ ഉണ്ടാക്കുന്ന വെജിറ്റേറിയന്‍ സുഹൃത്തിന്‍റെ അടുത്തേക്കാണ്. വെജിറ്റേറിയന്‍ നോണ്‍വെജിറ്റേറിയന്‍ ടേബിളിന്‍റെ ഇരുപുറവുമിരുന്ന് മതത്തിന്‍റെയും ജാതിയുടെയും സംവാദം പെരുപ്പിക്കുന്ന തലകളെ ഉള്ളി അരിയും പോലെ അരിഞ്ഞു വീഴ്ത്തുകയാണ് തിരക്കഥാകൃത്ത് അഞ്ജലി മേനോനും സംവിധായകന്‍ അന്‍വര്‍ റശീദും കൂടി ഇവിടെ. " കോഴിക്കോട്ടുകാരുടെ മുഴുവനും നാവില്‍ വെള്ളമൂറുകയും അവരുടെ രുചികളെയും വയറിനെയും സംതൃപ്തപ്പെടുത്തുകയും ചെയ്തു പോരുന്നതില്‍ വന്‍ വിജയം തന്ന കൈവരിച്ചിട്ടുള്ള കരീം മുസ്ലിമായതു കൊണ്ടും അയാളുണ്ടാക്കുന്ന ഭക്ഷണം മാംസത്തില്‍ നിന്നായതു കൊണ്ടും, ഉദ്ബോധനം നടത്താനുള്ള അര്‍ഹതയില്ലാത്തയാളാണെന്ന ധ്വനിയാണ് കടന്നു വന്നിരിക്കുന്നത്. കാളനാവാമെങ്കില്‍ കാളയുമാവാമെന്ന കെ ഇ എന്നിന്‍റെ നിലപാട് ശരിയാവില്ല എന്നാണ് അഞ്ജലി മേനോന്‍ അന്‍വര്‍ റശീദിനെക്കൊണ്ട് പറയിപ്പിക്കുന്നതെന്നു സാരം.
മലയാള സിനിമയിലെ നടീനടന്മാരുടെ കുത്തക സംഘടനയായ അമ്മയുടെ വിലക്കുകളെയും അതിര്‍ത്തികളെയും ശബ്ദായമാനമായ ആര്‍ജ്ജവത്തോടെയും സ്വപ്രത്യയസ്ഥൈര്യത്തോടെയും മുറിച്ചു കടന്ന അതികായനായ അഭിനേതാവ് തിലകന്‍റെ ത്രസിപ്പിക്കുന്നതും മനസ്സലിയിക്കുന്നതുമായ പ്രകടനം കൊണ്ടും; ന്യൂ ജനറേഷന്‍/മള്‍ട്ടിപ്ളെക്സ് സിനിമകള്‍ എന്ന വിശേഷണത്തോടെ, മലയാള സിനിമ മാറിത്തീര്‍ന്നിരിക്കുന്നു എന്ന വ്യാജപ്രതീതി ഉണ്ടാക്കിയ ചില ചിത്രങ്ങളുടെ രീതിയെ സധൈര്യം വേണ്ടന്നു വെച്ചതു കൊണ്ടും ഉസ്താദ് ഹോട്ടല്‍ പ്രസരിപ്പിക്കുന്ന നവചൈതന്യം ഇപ്പറഞ്ഞതിനൊക്കെ ശേഷവും നഷ്ടമാകുന്നുമില്ല.
Valare Nanni:ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍